കൊച്ചി: തുടർച്ചയായ മൂന്ന് തോൽവിക്കൊടുവിൽ സുന്ദരമായ വിജയം. ആ വിജയത്തിനുശേഷം വീണ്ടുമൊരു അനായാസ വിജയം കൈപ്പിടിയിലൊതുക്കാൻ വ്യാഴാഴ്ച വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് കലൂരിന്റെ കളിമൈതാനത്തിറങ്ങുന്നു. ഇന്ത്യൻ ദേശീയ ടീം പരിശീലകൻ കൂടിയായ മാർക്വേസ് മനേലോക്ക് കീഴൽ ഇറങ്ങുന്ന എഫ്.സി ഗോവക്കെതിരെയാണ് വിജയത്തുടർച്ച ആഗ്രഹിച്ച് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ ഇന്നത്തെ പോരാട്ടം.
ഞായറാഴ്ച കൊച്ചിയിൽ നടന്ന മത്സരത്തിലാണ് കരുത്തരായ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളിന് അയൽക്കാരായ ബ്ലാസ്റ്റേഴ്സ് മലർത്തിയടിച്ചത്. നേരത്തേ റാങ്ക് പട്ടികയിൽ പത്താം സ്ഥാനത്തുണ്ടായിരുന്ന മഞ്ഞപ്പട ഈ വിജയത്തോടെ നില മെച്ചപ്പെടുത്തി. നിലവിൽ എട്ട് മത്സരങ്ങളിൽ 11 പോയന്റോടെ ഒമ്പതാമതാണ്. എട്ട് കളിയിലായി 12 പോയൻറ് നേടി ആറാം സ്ഥാനത്തുള്ള ടീമിനോടാണ് ബ്ലാസ്റ്റേഴ്സിന് ഏറ്റുമുട്ടേണ്ടത്. അവസാനത്തെ കളിയിൽ പ്രകടിപ്പിച്ചതുപോലെ മികച്ച പ്രതിരോധവും ആക്രമണവും ഒരേസമയം പുറത്തെടുക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിന് പുഷ്പം പോലെ വിജയിക്കാം. നിലവിൽ ആർക്കും പരിക്കുകളോ മറ്റോ ഇല്ലാത്ത സാഹചര്യത്തിൽ ചെന്നൈയിനെതിരെ ഇറങ്ങിയ ലൈനപ്പ് തന്നെയാണ് വ്യാഴാഴ്ചത്തെ മത്സരത്തിലും ഇറങ്ങുക.
എന്നാൽ, ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ ഏറെയും വിജയിച്ച ചരിത്രമാണ് എഫ്.സി ഗോവക്കുള്ളത് എന്നതിനാൽ കേരളത്തിന്റെ ടീമിന് കളിക്കളത്തിൽ കൂടുതൽ കരുത്ത് കാട്ടേണ്ടി വരും. നോഹ് സദൗയി, ജീസസ് ജിമിനസ്, ക്വാമെ പെപ്ര തുടങ്ങിയ മുന്നേറ്റനിരയിലെ ഗോളടി വീരന്മാരും ഒന്നാം നമ്പർ ഗോൾ കീപ്പർ സചിൻ സുരേഷും ഇവർക്കെല്ലാം നായകത്വം വഹിച്ച് അഡ്രിയാൻ ലൂണയും ഇറങ്ങുമ്പോൾ ഞായറാഴ്ചത്തേതിന് സമാനമായ പെരുംപോരിന് സാക്ഷ്യം വഹിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
●മാറ്റത്തിന് സാധ്യതയില്ല -സ്റ്റാറേ
കഴിഞ്ഞ കളിയിലെ വിജയം ഏറെ സന്തോഷവും ഊർജവും പകരുന്നതാണെന്ന് ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാറേ കളിക്കു മുന്നോടിയായുള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. എന്നാൽ, ഈ വിജയം നിലനിർത്തുന്നതും അനിവാര്യമാണ്. ഓരോ മത്സരഫലവും കളിക്കാരെയും ആരാധകരെയും സ്വാധീനിച്ചേക്കാം. പരമാവധി വസ്തുനിഷ്ഠമായിരിക്കുകയാണ് തന്റെ ചുമതലയെന്നും ഈ ഊർജത്തിന്റെ തോത് നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലെ ലൈനപ്പിൽ മാറ്റം വരുത്തേണ്ടതില്ല. ആർക്കും അങ്ങനെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ല. നല്ല രീതിയിൽതന്നെ മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. അവസാനത്തെ കളിയിൽ ആശങ്കകളൊന്നുമുണ്ടായില്ലെന്നും പ്രതിരോധനിരയുടെ മികവിൽ ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഗോൾകീപ്പർ സചിൻ സുരേഷ് പറഞ്ഞു. വ്യാഴാഴ്ചത്തെ കളിക്കായി എല്ലാ താരങ്ങളും തയാറാണെന്നും മികച്ച ഒരു സമയത്തിലൂടെയാണ് ടീം മുന്നോട്ടുപോവുന്നതെന്നും ഗോവ കോച്ച് മാർക്വേസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.