ഹാങ്ചോ: ഹോങ്കോങ് ഇലവനെതിരായ കളിയിൽ ഇന്റർ മയാമി നിരയിൽ ലയണൽ മെസ്സി ഇറങ്ങാത്തതിനെതിരെ ആരാധകരോഷം തുടരവെ മാർച്ചിൽ ചൈനയിലെ ഹാങ്ചോയിൽ നടക്കാനിരുന്ന അർജന്റീന-നൈജീരിയ സൗഹൃദ മത്സരം റദ്ദാക്കി. കഴിഞ്ഞയാഴ്ച ഹോങ്കോങ് സ്റ്റേഡിയം വേദിയായ പ്രദർശനമത്സരത്തിൽ മെസ്സിയെ പ്രതീക്ഷിച്ച് ആയിരക്കണക്കിനു പേരാണ് ഗാലറിയിലെത്തിയത്. എന്നാൽ, സൂപ്പർ താരം മയാമി ഇലവനിലില്ലായിരുന്നു. ഇതോടെ ആരാധകരും പ്രാദേശിക ഭരണകൂടവും പ്രതിഷേധമുയർത്തി. ടിക്കറ്റ് നിരക്കിന്റെ പകുതി തിരിച്ചുനൽകാമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകർ.
മാർച്ച് 18 മുതൽ 26 വരെയാണ് ലോക ചാമ്പ്യന്മാർ ചൈനയിൽ പര്യടനം നടത്താനിരുന്നത്. എന്നാൽ, അയൽരാജ്യമായ ഹോങ്കോങ്ങിലുണ്ടായ സംഭവവികാസങ്ങൾ ആശങ്കയുയർത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ മത്സരവുമായി മുന്നോട്ടുപോവുന്നത് അപക്വമായിരിക്കുമെന്ന് ഹാങ്ചോ സ്പോർട്സ് ബ്യൂറോ അറിയിച്ചു. ഹാങ്ചോയിലേതിനു പിന്നാലെ ബെയ്ജിങ്ങിൽ നടത്താനിരുന്ന അർജന്റീന-ഐവറി കോസ്റ്റ് മത്സരവും ഉപേക്ഷിക്കാനാണ് സാധ്യത. ഹോങ്കോങ് ഇലവനെതിരെ മെസ്സി കളിക്കാതിരുന്നത് പരിക്കുമൂലമാണെന്നായിരുന്നു വിശദീകരണം. എന്നാൽ, രണ്ടു ദിവസത്തിനുശേഷം ജപ്പാനിൽ വിസ്സെൽ കോബിനെതിരെ ക്ലബ് സൗഹൃദമത്സരത്തിൽ മയാമിക്കായി അരമണിക്കൂറോളം മെസ്സി പന്തുതട്ടുകയും ചെയ്തു. ഇതാണ് ഹോങ്കോങ്ങിലെ ആരാധകരെ കൂടുതൽ ചൊടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.