അബൂദബി: ലോകകപ്പിനായി അണിഞ്ഞൊരുങ്ങാൻ അർജന്റീന ഫുട്ബാൾ ടീം അബൂദബിയിലെത്തി. ആദ്യ ദിവസംതന്നെ അബൂദബി അൽ നഹ്യാൻ സ്റ്റേഡിയത്തിൽ ടീം പരിശീലനത്തിനിറങ്ങി. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന പരിശീലനം കാണാൻ കാണികൾക്കും അവസരമുണ്ടാകും. മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ തിങ്കളാഴ്ച പരിശീലനത്തിനിറങ്ങുമെന്നാണ് അറിയുന്നത്. 16നാണ് യു.എ.ഇ ടീമുമായി പരിശീലന മത്സരം കളിക്കുന്നത്. ഈ മത്സരത്തിന്റെ ടിക്കറ്റ് നേരത്തെതന്നെ വിറ്റഴിഞ്ഞിരുന്നു. അബൂദബി മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയത്തിലാണ് മത്സരം. ഇതിനു ശേഷം 16ന് രാത്രിതന്നെ ടീം ഖത്തറിലേക്ക് തിരിക്കും. നേരത്തെതന്നെ ഖത്തറിലെത്തിയ പരിശീലകൻ ലയണൽ സ്കലോണിയും അബൂദബിയിൽ എത്തിയിട്ടുണ്ട്. ഓക്സിയോണുമായുള്ള പി.എസ്.ജിയുടെ മത്സരമുള്ളതിനാൽ മെസ്സി ടീമിനൊപ്പം ചേർന്നിട്ടില്ല. ഞായറാഴ്ച മത്സരം കഴിഞ്ഞതിനാൽ തിങ്കളാഴ്ച പുലർച്ച മെസ്സി ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നത്.
അബൂദബി സ്പോർട്സ് കൗൺസിലുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് അർജന്റീന ടീം അബൂദബിയിൽ എത്തിയിരിക്കുന്നത്. ഖത്തറിന് സമാനമായ കാലാവസ്ഥയാണ് യു.എ.ഇയിലേത്. അതിനാൽ, അബൂദബിയിലെ പരിശീലനവും മത്സരവും ടീമിന് ഖത്തറിലെ കാലാവസ്ഥയുമായി ഇണങ്ങിച്ചേരാൻ സഹായിക്കും. ലോകകപ്പിനുള്ള അർജന്റീനൻ ടീം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ടീം ഒരുമിച്ച് കളിക്കുന്നത്. തുടർച്ചയായ 35 മത്സരങ്ങൾ പരാജയം അറിയാതെ കുതിക്കുന്ന അർജന്റീനയെ സംബന്ധിച്ചിടത്തോളം ഈ മത്സരം നിർണായകമാണ്. തോൽവി അറിയാത്ത 37 മത്സരങ്ങൾ എന്ന ഇറ്റലിയുടെ നേട്ടത്തിന് തൊട്ടടുത്ത് എത്താനുള്ള അവസരമാണ് അർജന്റീനക്ക്. തിങ്കളാഴ്ച നടക്കുന്ന പരിശീലനം കാണാനും കാണികൾ ഒഴുകിയെത്തും. വൈകീട്ട് ആറ് മുതലാണ് പരിശീലനം. ടിക്കറ്റ് നൽകിയായിരിക്കും പ്രവേശനം. 25 ദിർഹം മുതൽ ടിക്കറ്റ് ലഭ്യമാണ്. ഖത്തറിൽ പോകാൻ കഴിയാത്തവർക്ക് അർജന്റീനൻ ടീമിനെ നേരിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. www.ticketmaster.ae/event/argentina-open-training-tickets/9277 എന്ന ലിങ്ക് വഴിയാണ് ടിക്കറ്റ് എടുക്കേണ്ടത്. മത്സരത്തിനുള്ള ടിക്കറ്റ് നേരത്തെ വിറ്റഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.