ബ്വേനസ് എയ്റിസ്: വിടവാങ്ങിയ വിഖ്യാത ഫുട്ബാളർ മറഡോണയുടെ സ്മരണ പുതുക്കുകയാണ് ഓരോ ദിവസവും ഫുട്ബാൾ ലോകം. ഇപ്പോൾ തങ്ങളുടെ ദേശീയ ഹീറോയുടെ ചിത്രം ആലേഖനം ചെയ്ത ബാങ്ക് നോട്ടുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് അർജൻറീന. ഇതിൻെറ ആദ്യ പടിയെന്നോണം സെനറ്റിൽ പ്രമേയം അവതരിപ്പിച്ചിരിക്കുകയാണ് ഫ്രെൻെറ ഡി ടോഡോസ് പാർട്ടി സെനറ്ററായ നോർമ ഡുരംഗോ.
1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ നൂറ്റാണ്ടിൻെറ ഗോളിലേക്കുള്ള ഓട്ടവും മറഡോണയുടെ ചിത്രവുമാകും 1000 പെസോ നോട്ടിൽ ആലേഖനം ചെയ്യപ്പെടുക.
2021 സാമ്പത്തിക വർഷത്തിൽ പുറത്തിറക്കുന്ന 1000 പെസോയോ അതിന് മുകളിലോ ഉള്ള വലിയ നോട്ടുകളിൽ കുറഞ്ഞത് 50 ശതമാനമെങ്കിലും മറഡോണയെ വെച്ച് അച്ചടിക്കാനാണ് നിർദേശം വെച്ചത്. ഒരു വശത്ത് ഡീഗോ മറഡോണയുടെ ചിത്രവും മറുവശത്ത് 1986 ജൂൺ 22ന് മെക്സിക്കോയിൽ അഞ്ച് ഇംഗ്ലീഷ് ഡിഫൻഡർമാരെ കബളിപ്പിച്ച് നേടിയ രണ്ടാം ഗോളിൻെറ ചിത്രവും അച്ചടിക്കാനാണ് പദ്ധതി.
ഡുരംഗോയുടെ പ്രമേയം സെനറ്റ് അംഗീകരിച്ചാൽ 2021ൽ മറഡോണയുടെ ചിത്രം ആേലഖനം ചെയ്ത നോട്ടുകളാകും അർജൻറീനയിൽ അച്ചടിക്കുക. താരത്തിൻെറ സ്മരണക്കായി അടുത്ത വർഷം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
1986ൽ അർജൻറീനക്ക് ലോകകപ്പ് നേടിക്കൊടുത്ത ഇതിഹാസ താരം നവംബർ 25ന് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം മറഡോണയോടുള്ള ആദരസൂചകമായി ഇറ്റാലിയൻ ക്ലബായ നാപോളി അവരുടെ ഹോംമൈതാനത്തെ താരത്തിൻെറ പേരിൽ പുനർനാമകരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.