മഞ്ചേരി: സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി എത്തിയതിന്‍റെ സന്തോഷത്തിലാണ് കേരളത്തിന്‍റെ മധ്യനിര താരം അർജുൻ ജയരാജ്. നാട്ടുകാർക്ക് മുന്നിൽ മികച്ച പ്രകടനം നടത്താനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ഈ 26കാരൻ. ഇതാദ്യമായാണ് അർജുൻ സന്തോഷ് ട്രോഫി ടീമിൽ ഇടംനേടുന്നത്. തൃക്കലങ്ങോട് മാനവേദൻ സ്കൂൾ മുറ്റത്തുനിന്നാണ് അർജുൻ പന്തുതട്ടി തുടങ്ങുന്നത്. ഹൈസ്കൂൾ പഠനത്തിനായി എം.എസ്.പി ഫുട്ബാൾ അക്കാദമിയിലെത്തിയതോടെ തലവരമാറി.
2012ല്‍ സുബ്രതോ കപ്പിലെ മികച്ച താരമായി തിരഞ്ഞെടുത്തതോടെയാണ് ദേശീയതലത്തിൽ ശ്രദ്ധയാകർഷിക്കുന്നത്. പുണെ എഫ്.സിയിലൂടെയായിരുന്നു പ്രഫഷനൽ ഫുട്ബാളിലെ അരങ്ങേറ്റം.
ഓൾ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ കാലിക്കറ്റ് സര്‍വകലാശാല ടീമിനായി മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെച്ചു. കാലിക്കറ്റ് യൂനിവേഴ്‍സിറ്റിയും ഗോകുലം എഫ്.സിയും തമ്മിൽ നടന്ന സൗഹൃദ മത്സരത്തിലെ പ്രകടനം അര്‍ജുനെ ഗോകുലം കേരള എഫ്.സിയില്‍ എത്തിച്ചു. കേരള പ്രീമിയർ ലീഗിലും ഐ ലീഗിലും ഗോകുലത്തിനായി മിന്നും പ്രകടനം തുടർന്നതോടെ കേരള ബ്ലാസ്റ്റേഴ്സിലും എത്തി.
നിലവിൽ കേരള യുനൈറ്റഡ് എഫ്.സിയുടെ ക്യാപ്റ്റനാണ്. ക്ലബിന്‍റെ പരിശീലനം പയ്യനാട് സ്റ്റേഡിയത്തിൽ നടന്നിരുന്നു. ഭാര്യ വർഷ, അച്ഛൻ ജയരാജ്, അമ്മ ജ്യോതി എന്നിവരും അർജുന്‍റെ മത്സരം കാണാൻ പയ്യനാട്ടെത്തും. വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നില്‍വെച്ച് കേരളത്തിനായി കളിക്കാന്‍ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അർജുൻ പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടിന് രാജസ്ഥാനുമായാണ് കേരളത്തിന്‍റെ ആദ്യമത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.