ഇറാൻ-ജപ്പാൻ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ കരിം ഗ്രഫിയുടെ രചന
ദോഹ: സൗദിയും ദക്ഷിണ കൊറിയയും ഏറ്റുമുട്ടിയ പ്രീക്വാർട്ടർ മത്സരത്തിനായി എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്കുള്ള യാത്രയിലായിരുന്നു ആദ്യകാഴ്ച. മെട്രോ ഇറങ്ങി സ്റ്റേഡിയത്തിലേക്കുള്ള നടത്തത്തിനിടെ, ചെറു ആൾകൂട്ടത്തിനു നടുവിൽ വലിയൊരു ചുമരിൽ അതിവേഗത്തിൽ പെയിന്റുകൾ സ്പ്രേചെയ്ത് ഒരാൾ ചിത്രം വരച്ചിടുന്നു. സൗദിയുടെ പച്ചയും, കൊറിയയുടെ വെള്ളയും നിറങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ഫുട്ബാൾ കളിക്കാരന്റെ രൂപം പിറക്കുകയാണ്... ചുറ്റും കൂടുന്ന കാണികൾ ചിത്രം പകർത്തിയും സെൽഫിയെടുത്തും നീങ്ങുമ്പോഴേക്കും അടുത്ത സംഘം വട്ടം കൂടിയിട്ടുണ്ടാവും... അങ്ങനെ പലരും വന്നുപോകുമ്പോഴും കലാകാരൻ തിരക്കിട്ട രചനയിലാണ്...
കളി കഴിഞ്ഞ് ആരാധകർ പുറത്തിറങ്ങുമ്പോഴേക്കും താൽകാലികമായുയർത്തിയ വലിയ ചുമരിലെ ചിത്രം തയാർ. ദക്ഷിണ കൊറിയയും സൗദിയും ഫുട്ബാളുമുണ്ട്. ഒപ്പം, മനോഹരമായ അറബിക് കാലിഗ്രഫി കൂടി ചേരുന്നതോടെ ആരാധകർക്ക് കാൽപന്തുത്സവത്തിനൊപ്പം കലയുടെ വിരുന്നും ഈ കളിമുറ്റത്ത് തയാർ.
മലയാളികളുടെ പ്രിയപ്പെട്ട ചിത്രകാരൻ കരീം കക്കോവ് എന്ന ‘കരിം ഗ്രഫി’ യാണ് ഏഷ്യൻ കപ്പ് വേദികൾക്കരികിൽ ഫുട്ബാളും കലയും സംസ്കാരവുമെല്ലാം അടയാളപ്പെടുത്തുന്ന വരകളുടെ ശിൽപി. ഖത്തറിലെ ഫുട്ബാൾ വേദികളിൽ കരിം ഗ്രഫിയെന്ന കലാകാരൻ സുപരിചിതനാണ്. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ വേളയിൽ വിവിധ വേദികളിലായി കാലിഗ്രഫിയും ചിത്രങ്ങളുമായി അദ്ദേഹം തീർത്ത വരകൾ ലോകമെങ്ങുമുള്ള ആരാധകരെയാണ് ആകർഷിച്ചത്. അതിന്റെ തുടർച്ചയായാണ് ഏഷ്യൻ കപ്പ് ഫുട്ബാൾ വേദികളിലും ഈ മലയാളി കാലിഗ്രാഫറെത്തുന്നത്.
മൈതാനങ്ങളിൽ കളി മുറുകുമ്പോൾ പുറത്ത് പാട്ടും നൃത്തവും, ചിത്രങ്ങളും കലാപ്രകടനങ്ങളുമായി ഫുട്ബാളിനെ ലോകത്തിന്റെ സാംസ്കാരിക ഉത്സവമാക്കി മാറ്റുകയെന്ന സംഘാടകരുടെ തീരുമാനമാണ് കരിം ഗ്രഫിയെ പോലെ പലനാടുകളിൽനിന്നുള്ള കലാകാരന്മാരെ ഏഷ്യൻ കപ്പ് വേദികളിലുമെത്തിക്കുന്നത്. ഇത്തവണ ഏഷ്യൻ കപ്പിൽ ആറു മത്സരങ്ങളോടനുബന്ധിച്ചായിരുന്നു കരിംഗ്രഫിയുടെ ‘സ്ട്രീറ്റ് ലൈവ് ആർട്ട്’. കലാപ്രവർത്തനങ്ങൾക്ക് വേദിയൊരുക്കുക എന്നതിനൊപ്പം, സ്റ്റേഡിയത്തിനു പുറത്ത് ആരാധകർക്ക് കാഴ്ചകളൊരുക്കി തിരക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യവും സംഘാടകരുടെ ഈ ഉദ്യമത്തിനു പിന്നിലുണ്ട്.
ഫലസ്തീൻ - ഇറാൻ, യു.എ.ഇ-ഇറാൻ, തായ്ലൻഡ്-സൗദി, സൗദി-ദ. കൊറിയ, ഇറാഖ് -ജപ്പാൻ, ക്വാർട്ടറിലെ ഇറാൻ-ജപ്പാൻ തുടങ്ങിയ മത്സരങ്ങൾക്ക് എജുക്കേഷൻ സിറ്റി വേദിയായപ്പോൾ സ്റ്റേഡിയത്തിന് പുറത്ത് വലിയ കാൻവാസിൽ കരിം ഗ്രഫി കാലിഗ്രാഫിയുമായെത്തി.
ഓരോ രാജ്യത്തിന്റെയും നിറങ്ങളും സംസ്കാരവും, മുദ്രാവാക്യവും രാഷ്ട്രീയവുമെല്ലാം ഫുട്ബാളിലൂടെ പരസ്പരം ഇഴചേർത്ത് ഒരു ഇന്ത്യൻ കാലാകാരന്റെ കരവിരുതിലൂടെ കാൻവാസിൽ വിരിയുമ്പോൾ കാഴ്ചക്കാർക്കും ഇരട്ടി സന്തോഷം.ഏറനേരം കാഴ്ചക്കാരായിനിന്നും, ചിത്രമെടുത്തും അവർ നീങ്ങുമ്പോൾ, തങ്ങളുടെ നാട്ടിലേക്കും ഈ വരകളുടെ വിശേഷങ്ങൾ അവർ പങ്കുവെക്കുന്നുവെന്ന് കരിം ഗ്രഫി പറയുന്നു. ‘അന്യനാട്ടിലൊരു ആർട്ടിസ്റ്റ് തങ്ങളെ വരച്ചിടുമ്പോൾ നാടിനെ കുറിച്ച് അവർ കൂടുതൽ വാചാലമാവും.
അവരുടെ സംസ്കാരം പങ്കുവെക്കും. നാട്ടിലേക്ക് ക്ഷണിക്കും...’ അങ്ങനെ അനുഭവങ്ങൾ ഏറെയാണ് കരിമിന്. പതിറ്റാണ്ടിലേറെ കാലമായി ഖത്തറിൽ ഫ്രീലാൻസ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന കരിംഗ്രഫിയെ ഏഷ്യൻ കപ്പിന്റെ പ്രാദേശിക സംഘാടകരാണ് ടൂർണമെന്റ് അനുബന്ധ കൾചറൽ ആക്ടിവിറ്റിയുടെ ഭാഗമായി ബന്ധപ്പെടുന്നത്. ഓരോ മത്സരത്തിനും കിക്കോഫ് വിസിലിന് നാല് മണിക്കൂർ മുമ്പേ പെയിന്റും ബ്രഷും ഉൾപ്പെടെ സാമഗ്രികളുമായി വേദിയിലെത്തണം. തുടർന്ന് ആരാധക സഞ്ചാരത്തിനിടയിലാവും രചനകൾ.
കളി അവസാനിക്കും മുമ്പേ വരയും പൂർത്തിയാക്കും. കഴിഞ്ഞ ലോകകപ്പ് ഫുട്ബാൾ വേളയിൽ ലുസൈൽ സ്റ്റേഡിയം, ലുസൈൽ ബൊളെവാഡ്, മെസ്സില ഫാൻസോൺ, കോർണിഷ്, ദർബ് അൽ സാഇ തുടങ്ങിയ പലയിടങ്ങളിലും കരിം ഗ്രഫി നടത്തിയ ‘സ്ട്രീറ്റ് ലൈവ് ആർടുകൾ’ ഏറെ ശ്രദ്ധ നേടിയിരുന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാർത്തകളിൽ നിറഞ്ഞു. മലപ്പുറം കക്കോവ് സ്വദേശിയാണ് അബ്ദുൽ കരീം എന്ന കരിം ഗ്രഫി.
‘കലിഗ്രഫിറ്റി’ രചനക്കൊപ്പം ചിത്രം പകർത്തുന്ന ആരാധകർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.