ലണ്ടൻ: എഫ്.എ കപ്പിലെ കടം പ്രീമിയർ ലീഗിൽ തീർത്ത് ഗണ്ണേഴ്സ്. പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കുതിക്കുന്ന ലിവർപൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് ആഴ്സണൽ കീഴടക്കിയത്. ജനുവരി ആദ്യവാരം എഫ്.എ കപ്പ് മൂന്നാം റൗണ്ടിലാണ് ഇരു ടീമും അവസാനമായി ഏറ്റുമുട്ടിയത്. ഇതേ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ രണ്ടുഗോളിന് ലിവർപൂളിനായിരുന്നു ജയം. എന്നാൽ, ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയം ഗണ്ണേഴ്സിനൊപ്പമായിരുന്നു. തകർപ്പൻ ജയവുമായി ആഴ്സണൽ മറുപടി നൽകി.
14ാം മിനിറ്റിൽ ഇംഗ്ലീഷ് സ്ട്രൈക്കർ ബുക്കായോ സകായാണ് ആഴ്സണലിനെ മുന്നിലെത്തിക്കുന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷം ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ മഗൽഹാസിന്റെ സെൽഫ് ഗോളിലൂടെ ലിവർപൂൾ സ്കോർ തുല്യമാക്കി (1-1). ആർക്കും ലീഡില്ലാതെ തുടങ്ങിയ രണ്ടാം പകുതിയിൽ അലിസണും വാൻഡൈക്കും കൂടി വരുത്തിയ പിഴവ് മുതലെടുത്ത് ആഴ്സണൽ സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലി ഗണ്ണേഴ്സിനെ മുന്നിലെത്തിച്ചു (2-1).
ഗോൾ മടക്കാനുള്ള ലിവർപൂളിന്റെ ശ്രമം അവസാന സെക്കൻഡുവരെ തുടർന്നെങ്കിലും ഫലമുണ്ടായില്ല. 88ാം മിനിറ്റിൽ ലിവർപൂൾ ഡിഫൻഡർ കൊനാറ്റെ ചുവപ്പ് കാര്ഡ് കണ്ട് പുറത്തായി. ഇഞ്ചുറി ടൈമിൽ ബെൽജിയം താരം ലിയാൻഡ്രൊ ട്രൊസാഡ് ആഴ്സണലിന് വേണ്ടി മൂന്നാം ഗോൾ നേടിയതോടെ ലിവർപൂളിന്റെ പതനം പൂർണമായി.
തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ ലിവർപൂൾ തന്നെയാണ് മുന്നിൽ. 23 മത്സരങ്ങളിൽ നിന്ന് 51 പോയിന്റുമായി ലിവർപൂളും 49 പോയിന്റുമായി ആഴ്സണലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച മാഞ്ചസ്റ്റർ സിറ്റി 46 പോയിന്റുമായി മൂന്നാമതുണ്ട്.
ചെൽസിയെ അവരുടെ തട്ടകത്തിൽ കയറി നാണംകെടുത്തി വോൾവ്സ് (4-2)
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ പത്താമത്തെ തോൽവി ഏറ്റുവാങ്ങി ചെൽസി. സ്വന്തം തട്ടകമായ സ്റ്റംഫോർ്ഡ് ബ്രിഡ്ജിൽ വോൾവ്സിനെതിരെയാണ് 4-2 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയത്. ബ്രസീലിയൻ താരം മാത്യൂസ് കുന്യ നേടിയ ഹാട്രിക്കാണ് വോൾവ്സിന്റെ ജയം അനായസമാക്കിയത്.
കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനോട് 4-1 ന്റെ തോൽവി വാങ്ങിയതിന്റെ ക്ഷീണം മാറും മുൻപാണ് പോയിന്റ് പട്ടികയിൽ തങ്ങളെക്കാൾ പുറകിലുള്ള വോൾവ്സിനോട് കീഴടങ്ങിയത്. ഈ ജയത്തോടെ ചെൽസിയെ പിന്തള്ളി വോൾസ് പട്ടികയിൽ പത്താം സ്ഥാനത്തെത്തി.
19ാം മിനിറ്റിൽ കോൾ പാൽമറിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുക്കുന്നത്. എന്നാൽ 22ാം മിനിറ്റിൽ മാത്യൂസ് കുന്യ വോൾവ്സിനായി സമനില ഗോൾ നേടി. ആദ്യ പകുതിയുടെ അവസാനം 43ാം മിനിറ്റിൽ ചെൽസിയുടെ പ്രതിരോധതാരം അക്സൽ ഡിസാസിയുടെ സെൽഫ് ഗോളിലൂടെ വോൾവ്സ് ലീഡെടുത്തു (2-1).
63ാം മിനിറ്റിൽ മാത്യു കുന്യ രണ്ടാമത്തെ ഗോളും നേടി ലീഡ് വർധിപ്പിച്ചു (3-1). 82ാം മിനിറ്റിൽ വോൾവ്സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുന്യാ ഹാട്രിക് തികച്ചു (4-1). 86ാം മിനിറ്റിൽ തിയാഗോ സിൽവ ചെൽസിക്കായി ഗോൾ കണ്ടത്തിയെങ്കിലും വോൾവ്സ് വിജയാഘോഷം തുടങ്ങി കഴിഞ്ഞിരുന്നു.
മറ്റൊരു മത്സരത്തിൽ അല്കസാൻഡ്രോ ഗർനാചോയുടെ ഇരട്ടഗോൾ മികവിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് തകർപ്പൻ ജയം. ഓൾഡ് ട്രാഫോര്ഡിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് കീഴടക്കിയത്. ജയത്തോടെ വെസ്റ്റ് ഹാമിനെ മറികടന്ന് പട്ടികയിൽ ആറാമതെത്തി മാഞ്ചസ്റ്റർ യുനൈറ്റഡ്. 23ാം മിനിറ്റിൽ റാസമസ് ഹൊയ്‍ലുണ്ടാണ് യുണൈറ്റഡിനായി ആദ്യ ലീഡെടുക്കുന്നത്.
പ്രീമിയർ ലീഗിൽ തുടർച്ചയായി നാലാം മത്സരത്തിലും ഗോൾ കണ്ടെത്തിയ ഹൊയിലുണ്ടിന്റെ സീസണിലെ പത്താമത്തെ ഗോളാണിത്. ഒരു ഗോളിന്റെ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച യുനൈറ്റഡിനായി 49ാം മിനിറ്റിലാണ് അലക്സാൻട്രോ ഗർനാചോ ഗോൾ നേടി. 85ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും നേടി മാഞ്ചാസ്റ്റർ യുനൈറ്റഡിന് വ്യക്തമായ മാർജിനിൽ വിജയം (3-0) ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.