ല്യൂട്ടനെ വീഴ്ത്തി ആഴ്സണൽ വീണ്ടും തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ല്യൂട്ടൻ ടൗണിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി ആഴ്സണൽ. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ മാർട്ടിൻ ഒഡേഗാർഡിന്റെ ഗോളും ജപ്പാൻകാരൻ ഡെയ്കി ഹാഷിയോകയുടെ ഓൺഗോളുമാണ് ഗണ്ണേഴ്സിന് നിർണായക ജയം സമ്മാനിച്ചത്. കഴിഞ്ഞ മത്സരത്തിൽനിന്ന് അഞ്ച് മാറ്റങ്ങളുമായാണ് മൈക്കൽ ആർടേറ്റ ടീമിനെ ഇറക്കിയത്. പ്രധാന ഗോൾവേട്ടക്കാരൻ ബുകായോ സാക പരിക്ക് കാരണം പുറത്തിരുന്നപ്പോൾ ഡെക്ലാൻ റൈസ്, ഗബ്രീയേൽ ജീസസ്, ജോർജീഞ്ഞോ തുടങ്ങിയവർക്ക് വിശ്രമം നൽകുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ എതിർപോസ്റ്റിന് മുന്നിലെ കൂട്ടപ്പൊരിച്ചിലിൽ ആഴ്സണൽ നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ല്യൂട്ടൻ ഗോൾകീപ്പറും പ്രതിരോധ താരങ്ങളും ചേർന്ന് വിഫലമാക്കി. എന്നാൽ, 24ാം മിനിറ്റിൽ ആഴ്സണൽ ലക്ഷ്യം കണ്ടു. വലതുവിങ്ങിൽനിന്ന് കായ് ഹാവെർട്സ് നൽകിയ മനോഹര പാസ് പിഴവില്ലാതെ മാർട്ടിൻ ഒഡേഗാർഡ് വലയിലേക്ക് തട്ടിയിടുകയായിരുന്നു.

ഒന്നാം പകുതി അവസാനിക്കാനിരിക്കെ ആഴ്സണലിന്റെ ലീഡ് ഇരട്ടിച്ചു. ഇടതുവിങ്ങിൽനിന്ന് സ്മിത്ത് റോവ് റീസ് നെൽസനെ ലക്ഷ്യമാക്കി നൽകിയ ക്രോസ് എതിർ പ്രതിരോധ താരം ഡെയ്കി ഹാഷിയോകയുടെ കാലിൽ തട്ടി സ്വന്തം വലയിൽ കയറുകയായിരുന്നു. രണ്ടാം പകുതിയിൽ ഗോൾ നേടാനുള്ള നിരവധി അവസരങ്ങൾ ആഴ്സണൽ തുറന്നെടുത്തെങ്കിലും ല്യൂട്ടൻ പ്രതിരോധം ഉറച്ചുനിന്നതോടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.

30 മത്സരങ്ങൾ പൂർത്തിയാക്കിയ ആഴ്സണൽ ജയത്തോടെ 68 പോയന്റുമായി പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഒരു മത്സരം കുറച്ചു കളിച്ച ലിവർപൂൾ ഒരു പോയന്റ് വ്യത്യാസത്തിൽ രണ്ടാമതുണ്ട്. ആസ്റ്റൻ വില്ലയെ 4-1ന് തകർത്ത് 67 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിയും തൊട്ടുപിറകിലുണ്ട്. ഫിൽ ഫോഡന്റെ ഹാട്രിക്കും റോഡ്രിയുടെ ഗോളുമാണ് സിറ്റിക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. 

Tags:    
News Summary - Arsenal are back at the top after beating Luton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.