പ്രീമിയർ ലീഗിൽ ജയത്തോടെ ആഴ്സണൽ വീണ്ടും തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ ആഴ്സണൽ വീണ്ടും ഒന്നാം സ്ഥാനത്ത്. വോൾവ്സിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗണ്ണേഴ്സ് തോൽപിച്ചത്. 33 മത്സരങ്ങൾ കളിച്ച ആഴ്സണലിന് 74 പോയന്റുള്ളപ്പോൾ ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റി 73 പോയന്റുമായും ലിവർപൂൾ 71 പോയന്റുമായും തൊട്ടുപിറകിലുണ്ട്. അടുത്ത മത്സരം ജയിച്ചാൽ സിറ്റിക്ക് വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറാം.

ആഴ്സണലിന്റെ മേധാവിത്തം കണ്ട മത്സരത്തിൽ ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് ആദ്യഗോൾ പിറന്നത്. എതിർ പ്രതിരോധ നിരയെ വെട്ടിയൊഴിഞ്ഞ് ഗബ്രിയേൽ ജീസസ് നൽകിയ മനോഹര പാസ് ലിയാൻഡ്രോ ട്രൊസ്സാർഡ് പോസ്റ്റിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. രണ്ടാം പകുതിയിലും ആഴ്സണൽ അവസരങ്ങളേറെ ഒരുക്കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കുന്നതിൽ പരാജയപ്പെട്ടു. എന്നാൽ, ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡ് പട്ടിക തികച്ചു. ആദ്യശ്രമം എതിർ പ്രതിരോധ താരം തടഞ്ഞിട്ടപ്പോൾ തിരിച്ചെത്തിയ പന്ത് ഇടങ്കാലൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു.

പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയോട് തോറ്റ് കിരീട പ്രതീക്ഷക്ക് മങ്ങലേറ്റതിന് പിന്നാലെ ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണി​ക്കിനോട് തോറ്റ് പുറത്താവുകയും ചെയ്ത ആഴ്സണലിന് ആശ്വാസം നൽകുന്നതാണ് വോൾവ്സിനെതിരായ വിജയം. എന്നാൽ, ഫിനിഷിങ്ങിലെ പോരായ്മകൾ തുറന്നുകാട്ടുന്നത് കൂടിയായിരുന്നു മത്സരം. 24 ഷോട്ടുകൾ അവർ എതിർ പോസ്റ്റ് ലക്ഷ്യമാക്കി അടിച്ചപ്പോൾ രണ്ടെണ്ണമാണ് ലക്ഷ്യത്തിലെത്തിയത്.

Tags:    
News Summary - Arsenal are back at the top of the Premier League with a win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.