പ്രീമിയർ ലീഗിൽ എതിരാളികളുടെ വലയിൽ ഗോളുകൾ അടിച്ചുകൂട്ടി സ്വപ്ന കുതിപ്പ് നടത്തുന്ന ആഴ്സണൽ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. സ്വന്തം തട്ടകമായ എമിറേറ്റ്‍സ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ രണ്ടാംപാദ നോക്കൗട്ട മത്സരത്തിൽ പോർചുഗീസ് ക്ലബ് എഫ്.സി പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ടീം ക്വാർട്ടറിലെത്തിയത്.
സ്കോർ 4-2. 14 വർഷത്തിനിടെ ആദ്യമായാണ് ഗണ്ണേഴ്സ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തുന്നത്. 41ാം മിനിറ്റിൽ ആഴ്സണൽ ഒരു ഗോൾ നേടിയതോടെ ഇരുപാദങ്ങളിലുമായി സ്കോർ (1-1) തുല്യമായി. ഒന്നാം പാദ മത്സരത്തിൽ ആഴ്സണൽ ഒരു ഗോളിന് തോറ്റിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകൾക്കും വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നത്. ഗോളി ഡേവിഡ് റയ പോർട്ടോ താരങ്ങളുടെ രണ്ടു കിക്കുകൾ തടുത്തിട്ടു. ആഴ്സണലിനായി കിക്കെടുത്ത മാർട്ടിൻ ഒഡിഗാർഡ്, കായ് ഹാവെർട്സ്, ബുകായോ സാക, ഡെക്ലാൻ റൈസ് എന്നിവരെല്ലാം ലക്ഷ്യംകണ്ടു.
പോർട്ടോയുടെ ബ്രസീലിയൻ താരങ്ങളായ വെണ്ടെൽ, ഗലേനോ എന്നിവരാണ് അവസരം നഷ്ടപ്പെടുത്തിയത്. നിശ്ചിത സമയത്ത് ലിയാൻഡ്രോ ട്രൊസാർഡാണ് ആഴ്സണലിനായി ഗോൾ നേടിയത്. ഒഡിഗാർഡിന്‍റെ മികച്ചൊരു പാസ്സാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ഒഡിഗാർഡ് പോർട്ടോയുടെ വലകുലുക്കിയെങ്കിലും ഗോൾ അനുവദിച്ചില്ല. അപ്പോഴേക്കും ഹാവെർട്സ് പെപ്പയെ ഫൗൾ ചെയ്തതിന് റഫറി വിസിൽ മുഴക്കിയിരുന്നു.
പാതിയിൽ നഷ്ടപ്പെട്ട പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചതിനു പിന്നാലെയാണ് മൈക്കൽ അർട്ടേറ്റയും സംഘവും ചാമ്പ്യൻസ് ലീഗിന്‍റെ അവസാന എട്ടിലെത്തുന്നത്. അവസാന എട്ടു ലീഗ് മത്സരങ്ങളിൽ എതിരാളികളുടെ വലയിൽ 33 ഗോളുകളാണ് ഗണ്ണേഴ്സ് അടിച്ചുകൂട്ടിയത്. 2010ലാണ് ആഴ്സണൽ അവസാനമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കളിച്ചത്. അന്നും നോക്കൗട്ടിൽ പോർട്ടോയെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ടീം അവസാന എട്ടിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.