ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയ കുതിപ്പ് തുടരുന്ന ആഴ്സണൽ ഷെഫീൽഡ് വലയിൽ ഗോൾ മഴ പെയ്യിച്ചു. എതിരില്ലാത്ത ആറ് ഗോളിനാണ് ഗണ്ണേഴ്സിന്റെ ജയം. തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളിൽ അഞ്ച് ഗോളിന് മുകളിൽ ജയിക്കുന്ന പ്രീമിയർ ലീഗിലെ ആദ്യ ടീം എന്ന റെക്കോഡും ആഴ്സണൽ സ്വന്തം പേരിൽ കുറിച്ചു.
നേരത്തെ വെസ്റ്റ് ഹാമിനെതിരെ എതിരില്ലാത്ത ആറ് ഗോളിനും ബേൺലിക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോളിനും ജയിച്ചിരുന്നു. പ്രീമിയർ ലീഗിൽ ആഴ്സണലിന്റെ തുടർച്ചയായ ഏഴാം ജയമാണിത്.
ഷെഫീൽഡിന്റെ ബ്രാമാൾ ലെയിൻ ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഷെഫീൽഡ് വലയിൽ അഞ്ച് ഗോൾ നിറച്ചിരുന്നു. അഞ്ചാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാർഡാണ് ആഴ്സണലിനെ ആദ്യം മുന്നിലെത്തിക്കുന്നത്.
13 ാം മിനിറ്റിൽ ഷെഫീൽഡ് ഡിഫൻഡർ ജയ്ഡൻ ബോഗ്ളിന്റെ പിഴവിൽ സെൽഫ് ഗോളിലൂടെ ഗണ്ണേഴ്സ് ലീഡ് ഇരട്ടിയാക്കി (2-0). 15ാം മിനിറ്റിൽ സ്ട്രൈക്കർ ഗബ്രിയേൽ മാർട്ടിനെല്ലിയും 25ാം മിനിറ്റിൽ ഹാവെട്സും 39 ാം മിനിറ്റിൽ ഡെക്ലാൻ റൈസും ഗോൾ നേടിയതോടെ ആഴ്സണൽ അഞ്ച് ഗോളിന്റെ വൻ ലീഡിലാണ് ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിലെ 58ാം മിനിറ്റിൽ ആഴ്സണൽ പ്രതിരോധതാരം ബെൻ വൈറ്റും ഗോൾ കണ്ടെത്തിയതോടെ ഷെഫീൽഡിന്റെ കാര്യം തീരുമാനമായി. കളിയുടെ 80 ശതമാനത്തിലധികം പന്ത് കൈവശം വെച്ച ഗണ്ണേഴ്സിനെതിരെ പൊരുതാൻ പോലും ആകാതെയാണ് ഷെഫീൽഡ് കീഴടങ്ങിയത്.
ഈ ജയത്തോടെ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ 27 മത്സരങ്ങളിൽ നിന്ന് 61 പോയിന്റുമായി മൂന്നാമതാണ് ആഴ്സണൽ. 62 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി രണ്ടും 63 പോയിന്റുമായി ലിവർപൂൾ ഒന്നാമതും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.