ഇത്തിഹാദിൽ സിറ്റിയെ വളഞ്ഞുപിടിച്ച് ആഴ്സണൽ; ലിവർപൂൾ തലപ്പത്ത്

ഇംഗ്ലീഷ് പ്രീമിയർ ​ലീഗിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടുന്ന മാഞ്ചസ്റ്റർ സിറ്റിയും ആഴ്സനലും നേർക്കുനേർ വന്ന മത്സരത്തിൽ ഗോൾരഹിത സമനില. സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 73 ശതമാനവും പന്ത് വരുതിയിലാക്കിയിട്ടും ആഴ്സനൽ പ്രതിരോധം ബോക്സിന് മുന്നിൽ കോട്ടകെട്ടിയതാണ് സിറ്റിക്ക് തിരിച്ചടിയായത്. സെന്റർ ബാക്ക് വില്യം സാലിബയാണ് സിറ്റി ആക്രമണത്തെ തടഞ്ഞു നിർത്തുന്നതിൽ മികച്ചുനിന്നത്. സിറ്റി 12 ഷോട്ടുകൾ ഉതിർത്തപ്പോൾ ഒന്ന് മാത്രമാണ് പോസ്റ്റിന് നേരെ നീങ്ങിയത്. ആഴ്സണലിന്റെ ആറ് ഷോട്ടുകളിൽ രണ്ടെണ്ണം വലക്ക് നേരെയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ നഥാൻ ആകെയുടെ ക്ലോസ് റേഞ്ച് ഹെഡർ ആഴ്സണൽ ഗോൾകീപ്പർ തടഞ്ഞിട്ടതായിരുന്നു സിറ്റിക്ക് ലഭിച്ച ആദ്യ അവസരം. മറുപടിയായി ഗബ്രിയേൽ ജീസസിന്റെ രണ്ട് മനോഹര ശ്രമങ്ങൾ ഉണ്ടായെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയിൽ മറ്റിയോ കൊവാസിചിന്റെ ഗോൾശ്രമം ആഴ്സണൽ പോസ്റ്റിനോട് ചേർന്ന് പുറത്തേക്ക് പോയി. കളിയുടെ അവസാന മിനിറ്റുകളിൽ സിറ്റിക്കായി ഗ്വാർഡിയോളിന്റെ ഹെഡറും ആഴ്സണലിനായി മാർട്ടിനെല്ലിയുടെ ഷോട്ടും ഇഞ്ചുറി ടൈമിൽ ഹാലണ്ടിന്റെ ശ്രമവുമെല്ലാം പാഴായതോടെ ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

ഗോളടിക്കുന്നതിനേക്കാൾ പോയന്റ് നഷ്ടപ്പെടുത്താതിരിക്കാനാണ് മൈക്കൽ ആർടേറ്റയുടെ സംഘം ശ്രമിച്ചത്.  2021 ഒക്ടോബറിന് ശേഷം സ്വന്തം നാട്ടിൽ കളിച്ച 47 മത്സരങ്ങളിൽ ആദ്യമായാണ് സിറ്റി ഗോളടിക്കാതെ തിരിച്ചുകയറുന്നത്. ​അതേസമയം, ഇത്തിഹാദിൽ മോശം റെക്കോഡുള്ള ആഴ്സനൽ അവസാനമായി ജയിച്ചുകയറിയത് 2015 ജനുവരിയിലാണ്. അവസാനം കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ട് തോൽവിയും ഒരു സമനിലയുമാണ് അവരുടെ സമ്പാദ്യം.

പോയന്റ് പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന ആഴ്സനലിന് സമനിലയോടെ രണ്ടാം സ്ഥാനത്തേക്കിറങ്ങേണ്ടിവന്നു. ​ബ്രൈറ്റനെ തോൽപിച്ച് ലിവർപൂൾ 67 പോയന്റുമായി ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോൾ സിറ്റി 64 പോയന്റുമായി മൂന്നാമതാണ്. 

Tags:    
News Summary - Arsenal thrash City at Etihad; Liverpool at the top

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.