ദോഹ: ഫിഫ റാങ്കിങ് പട്ടികയിൽ 146ാം സ്ഥാനക്കാരായ ഇന്തോനേഷ്യയും 25ാം സ്ഥാനക്കാരായ ആസ്ട്രേലിയയും തമ്മിലെ അങ്കത്തിൽ അട്ടിമറി സ്വപ്നങ്ങളൊന്നും ആർക്കുമില്ലായിരുന്നു. എങ്കിലും തോൽവിയുടെ ഭാരം നോക്കാതെ വീറോടെ പോരാടി തന്നെ ഇന്തോനേഷ്യ തങ്ങളുടെ ഏഷ്യൻ കപ്പ് ഫുട്ബാളിലെ ആദ്യ നോക്കൗട്ട് പ്രവേശനത്തിന് പ്രീക്വാർട്ടറിൽ ഫുൾസ്റ്റോപ്പിട്ടു. 4-0ത്തിന് സോക്കറും വിജയിച്ച് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ച മത്സരത്തിൽ എതിരാളിയുടെ വലുപ്പം നോക്കാതെ കളിച്ച ഇന്തോനേഷ്യയും കൈയടി നേടി.
കളിയുടെ ഇരു പകുതികളിലുമായി മാർടിൻ ബോയൽ (45), ക്രെയ്ഗ് ഗുഡ്‍വിൻ (89), ഹാരി സൗത്തർ (91) എന്നിവരുടെ ഗോളിനൊപ്പം ഇന്തോനേഷ്യൻ പ്രതിരോധ താരം എൽകൻ ബാഗോട്ടിന്റെ (12) സെൽഫ് ഗോൾ കൂടിയായതോടെ സോക്കറൂസ് പട്ടിക തികച്ചു.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ മിനിറ്റുകളിൽതന്നെ പ്രതിരോധത്തിലേക്ക് പിൻവലിയാതെ ആക്രമിച്ചു കളിക്കുകയായിരുന്നു ഇന്തോനേഷ്യൻ പ്ലാൻ. തുടക്കത്തിൽ ഈ മുന്നേറ്റങ്ങൾ സോക്കറൂസ് ഗോൾമുഖത്ത് അങ്കലാപ്പ് തീർത്തെങ്കിലും കരുത്തരായ സോക്കറൂസിന് കളി പിടിച്ചെടുക്കാൻ അധിക സമയമൊന്നു വേണ്ടി വന്നില്ല. മികച്ചൊരു മുന്നേറ്റം സെൽഫ് ഗോളായി ഇന്തോനേഷ്യൻ വലയിൽ പതിച്ചതിനു പിന്നാലെ കളിയും മാറി. എങ്കിലും, വഴങ്ങുന്ന ഗോളിനെ പേടിക്കാതെ പോരാടിയ ഇന്തോനേഷ്യക്കു തന്നെയായിരുന്നു കൈയടിയും ഗാലറിയുടെ പിന്തുണയും. പന്തടക്കത്തിൽ അവർ സോക്കറൂസിനൊപ്പംതന്നെ നിലയുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.