ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്ക് കരുത്തരായ ആസ്ട്രേലിയൻ വെല്ലുവിളി. ഗ്രൂപ്പ് ‘ബി’യിൽ ഇടം നേടിയ ഇന്ത്യക്കൊപ്പം ആസ്ട്രേലിയ, ഉസ്ബെകിസ്താൻ, സിറിയ ടീമുകളാണുള്ളത്. ആതിഥേയരായ ഖത്തറിന് ചൈന, തജിക്സതാൻ, ലെബനാൻ എന്നിവരാണ് എതിരാളികൾ.
2024 ജനുവരി 12ന് കിക്കോഫ് കുറിക്കുന്ന ഏഷ്യൻ കപ്പിന്റെ ആതിഥേയ നഗരിയായ ദോഹയിലെ കതാറ ഒപേറ ഹൗസിൽ വ്യാഴാഴ്ച ഉച്ചക്കായിരുന്നു നറുക്കെടുപ്പ് നടന്നത്.
ജനുവരി 12ന് ആസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. രണ്ടാം അങ്കത്തിൽ 19ന് ഉസ്ബെകിസ്താനെയും, മൂന്നാം അങ്കത്തിൽ 25ന് സിറിയയെയും നേരിടും. ഫെബ്രുവരി 10നാണ് ഫൈനൽ മത്സരം. ജനുവരി 12ന് ഖത്തറും ലെബനാനും തമ്മിലെ പോരാട്ടത്തോടെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് കിക്കോഫ് കുറിക്കും. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 101 സ്ഥാനത്താണ്. ആസ്ട്രേലിയ 29ഉം, ഉസ്ബെകിസ്താൻ 74ഉം, സിറിയ 90ഉം റാങ്കിലാണ്.
ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ, എ.എഫ്.സി ഭാരവാഹികൾ, ഖത്തർ ഫുട്ബാൾ അസോസിയേഷൻ, ഏഷ്യൻ ഫുട്ബാളിലെ മുൻനിര താരങ്ങൾ, യോഗ്യത നേടിയ 24 ടീമുകളുടെയും ക്യാപ്റ്റൻമാരും പരിശീലകരുമെല്ലാം പങ്കെടുത്ത ചടങ്ങിലായിരുന്നു വൻകരയുടെ പോരാട്ടത്തിന്റെ നറുക്കെടുപ്പ് നടന്നത്. ടിം കാഹിലും പാർക് ജി സുങും ഉൾപ്പെടെ പ്രമുഖ താരങ്ങൾ അണിനിരന്ന നറുക്കെടുപ്പ് വേദിയിൽ ഇന്ത്യൻ സാന്നിധ്യമായി വനിതാ ടീം കോച്ച് മെയ്മോൾ റിക്കിയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.