മസ്കത്ത്: ജനുവരിയിൽ ഖത്തറിൽ നടക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബാളിന് മുന്നോടിയായുള്ള അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്കുള്ള ഒമാൻ ടീമിന്റെ പരിശീലന ക്യാമ്പിന് തുടക്കമായി. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ കോച്ച് ബ്രാങ്കോ ഇവാൻകോവിക്കിന്റെ മേൽനോട്ടത്തിലാണ് ‘റെഡ് വാരിയേഴ്സിന്റെ’ പരിശീലനം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടീമിലുള്ള കളിക്കാരെല്ലാം ക്യാമ്പിൽ എത്തിയിട്ടുണ്ട്. നാല് ദിവസത്തെ പരിശീലനത്തിന് ശേഷം ടീം 15ന് യു.എ.ഇയിലേക്ക് തിരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം കോച്ച് പ്രഖ്യാപിച്ച സ്ക്വാഡ് ഏറെ പ്രതീക്ഷ നൽകുന്നതാണ്. നിലവിലെ ടീമിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
അബ്ദുൽ അസീസ് അൽ ഗൈലാനി, അർഷാദ് അൽ അലാവി, അബ്ദുല്ല അൽ മുഷൈഫ്രി എന്നിവരാണ് ടീമിൽ ഇടം പിടിച്ച പുതുമുഖങ്ങൾ. സീബിന്റെ സ്ട്രൈക്കർ അബ്ദുൽ അസീസ് അൽ മഖ്ബലിയെ ടീമിൽ ഉൾപ്പെടുത്തുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നു. സൂപ്പർ കപ്പ് ഫൈനലിൽ അദ്ദേഹം ഹാട്രിക് നേടിയിരുന്നു. എന്നാൽ പുതിയ സ്ക്വാഡിൽ മഖ്ബലിയെ ഉൾപ്പെടുത്തിയിട്ടില്ല.
യു.എ.ഇയിൽ ഡിസംബർ 29ന് ചൈനയുമായിട്ടും ജനുവരി ആറിന് യു.എ.ഇക്കെതിരെയുമാണ് സൗഹൃദ മത്സരം. യു.എ.ഇയിലെ ക്യാമ്പിന് ശേഷം ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പിൽ പങ്കെടുക്കാൻ ഒമാൻ ഖത്തറിലേക്ക് തിരിക്കും. ഗ്രൂപ് എഫിൽ ഒമാന്റെ കൂടെ സൗദി അറേബ്യ, തായ്ലൻഡ്, കിർഗിസ്താൻ എന്നീ ടീമുകളാണുള്ളത്. ആദ്യ മത്സരം ജനുവരി 16ന് ശക്തരായ സൗദ്യ അറേബ്യക്കെതിരെയാണ്. 21ന് തായ്ലൻഡുമായും 25ന് കിർഗിസ്താനുമായും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.