മസ്കത്ത്: ഏഷ്യൻ കപ്പിൽ ഒരു കളിയും ജയിക്കാതെ ഒമാൻ മടങ്ങി. വൻ മാർജിനിൽ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ റെഡ് വാരിയേഴ്സിനെ കിർഗിസ്താൻ സമനിലയിൽ തളക്കുകയായിരുന്നു (1-1). ഇതോടെ മികച്ച മൂന്നാം സ്ഥാനക്കാരായി കയറിക്കൂടാമെന്ന ഒമാന്റെ സ്വപ്നങ്ങളാണ് സമനിലയിൽ തട്ടിതകർന്നത്.
ദോഹയിലെ അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒമാന് വേണ്ടി എട്ടാം മിനിറ്റിൽ മുഹ്സിൻ അൽഗസാനിയാണ് വലകുലുക്കിയത്. 80ാം മിനിറ്റിൽ ജോയൽ കോജിലൂടെ കിർഗിസ്താൻ സമനിലഗോളും നേടി. കളിയുടെ ആദ്യ മിനിറ്റുകളിൽ കൊണ്ടും കൊടുത്തും മുന്നേറുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
പ്രതിരോധത്തോടൊപ്പം ആക്രമണവും കനപ്പിച്ചായിരുന്നു ഒമാൻ കളിച്ചിരുന്നത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച് ഗോൾനേടി എതിരാളിയെ സമ്മർദത്തിലാക്കാനായിരുന്നു ഒമാന്റെ ശ്രമം. ഒടുവിൽ എട്ടാം മിനിറ്റിൽ ലക്ഷ്യം കണ്ടു.
എന്നാൽ, ഗോൾ വീണതോടെ ഉണർന്ന് കളിച്ച കിർഗിസ്താൻ ഒമാൻ ഗോൾമുഖം ലക്ഷ്യമാക്കി നിരവധി മുന്നേറ്റങ്ങളാണ് നടത്തിയത്. പലപ്പോഴും ഒമാന്റെ പ്രതിരോധ നിരയിൽ തട്ടി ലക്ഷ്യം വഴി തെറ്റിപ്പോകുകയായിരുന്നു. 32ാം മിനിറ്റിൽ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ പകുതിയിൽ പന്തടക്കത്തിൽ ഒമാൻ മുന്നിട്ടുനിന്നെങ്കിലും കൗണ്ടർ അറ്റാക്കുകളിലൂടെ കിർഗിസ്താനും കളംനിറഞ്ഞ് കളിച്ചു. ആദ്യ പകുതിയിൽനിന്ന് തികച്ചും വ്യത്യസ്തമായ കിർഗിസ്താനെയായിരുന്നു രണ്ടാം പകുതിയിൽ കളത്തിൽ കണ്ടത്.
ഒപ്പം കിർഗിസ്താന്റെ ഗോളിയുടെ തകർപ്പൻ പ്രകടനവും ഒമാന് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.