ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് പുരുഷ ഫുട്ബാളിൽ പങ്കെടുക്കുന്ന 22 അംഗ ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളായ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ഡിഫൻഡർ സന്ദേശ് ജിങ്കാനും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവും ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന ടീമിൽ ഇടംപിടിച്ചു. അണ്ടർ 23 മത്സരമാണ് ഏഷ്യൻ ഗെയിംസ് ഫുട്ബാളെങ്കിലും ഇതിനു മുകളിലുള്ള മൂന്നു താരങ്ങളെ കളിപ്പിക്കാൻ അനുമതിയുണ്ട്. ഗെയിംസ് ഇക്കുറി കോവിഡ് പ്രതിസന്ധി കാരണം ഒരു വർഷം നീണ്ടതിനാൽ 24 വയസ്സുവരെയുള്ള താരങ്ങൾക്ക് പങ്കെടുക്കാം. തൃശൂർ സ്വദേശിയും കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരക്കാരനുമായ കെ.പി. രാഹുലാണ് ഏക മലയാളി സാന്നിധ്യം.
നിലവിലെ സീനിയർ ടീമിലെ റഹീം അലി, ജീക്സൺ സിങ് തൗനോജം, നാവോരം മഹേഷ് സിങ്, അൻവർ അലി, ആകാശ് മിശ്ര തുടങ്ങിയ അണ്ടർ 24 താരങ്ങൾ സംഘത്തിലുണ്ട്. 23കാരനായ രാഹുലും അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചയാളാണ്. 2018ലെ ജകാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഫുട്ബാളിൽ പങ്കെടുത്തിരുന്നില്ല. ഏഷ്യൻ റാങ്കിങ്ങിൽ 18ാം സ്ഥാനത്തായതിനാൽ ഇക്കുറിയും അയക്കേണ്ടതില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റി.
ടീം:
ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, ഗുർമീത് സിങ്, ധീരജ് സിങ് മൊയ്‌റംഗ്‌തെം, ഡിഫൻഡർമാർ: സന്ദേശ് ജിങ്കാൻ, അൻവർ അലി, നരേന്ദർ ഗഹ്‌ലോട്ട്, ലാൽചുങ്‌നുംഗ, ആകാശ് മിശ്ര, റോഷൻ സിങ്, ആശിഷ് റായ്, മിഡ്ഫീൽഡർമാർ: ജീക്‌സൺ സിങ് തൗനോജം, സുരേഷ് സിങ് വാങ്‌ജാം, അപുയ റാൾട്ടെ, അമർജിത് സിങ് കിയാം, കെ.പി. രാഹുൽ, നാവോറം മഹേഷ് സിങ്, ഫോർവേഡുകൾ: ശിവശക്തി നാരായണൻ, റഹീം അലി, സുനിൽ ഛേത്രി, അനികേത് ജാദവ്, വിക്രം പ്രതാപ് സിങ്, രോഹിത് ദാനു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.