വില്ല പാർക്കിൽ പതിവുപോലെ തന്നെ സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രൈറ്റണെ തകർത്തെറിഞ്ഞ ആസ്റ്റൺ വില്ല തുടർച്ചയായ പത്താം ജയമാണ് സ്വന്തം തട്ടകത്തിൽ പൂർത്തിയാക്കിയത്. ഒന്നിനെതിരെ ആറ് ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം.
ഒല്ലീ വാറ്റ്കിൻസിന്റെ തകർപ്പൻ ഹാട്രിക്കാണ് ആസ്റ്റൺ വില്ലക്ക് വമ്പൻ വിജയം സമ്മാനിച്ചത്. സീഗൾസിനെതിരെ തുടർച്ചയായ നാലാം മത്സരത്തിലും താരം ഗോൾ നേടി. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ച അവർ 26 മിനിറ്റുകൾക്കുള്ളിൽ തന്നെ ബ്രൈറ്റണിന്റെ വലയിലേക്ക് മൂന്ന് ഗോളുകൾ സമർപ്പിച്ചിരുന്നു.
14-ാം മിനിറ്റിൽ വാറ്റ്കിൻസ് തന്നെയാണ് ഗോളടിക്ക് തുടക്കമിട്ടത്. മാറ്റി കാഷി നീട്ടി നൽകിയ പാസാണ് താരം ഗോളാക്കി മാറ്റിയത്. 21 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും വാറ്റ്കിൻസ് തന്റെ രണ്ടാമത്തെ ഗോളും വലയിലാക്കി. ഇത്തവണ പാസ് നൽകിയത് ഡിയബിയായിരുന്നു. എന്നാൽ, മൂന്നാമത്തെ ഗോൾ ബ്രൈറ്റൺ തന്നെ ആതിഥേയർക്ക് സമ്മാനിച്ചു. പെർവിസ് എസ്തുപിനനാണ് സെൽഫ് ഗോളിലൂടെ സ്വന്തം ടീമിന് തിരിച്ചടി നൽകിയത്.
രണ്ടാം പകുതിയിലാണ് ബ്രൈറ്റണ് ആശ്വാസ നൽകികൊണ്ട് അൻസു ഫതിയുടെ മറുപടി ഗോൾ പിറക്കുന്നത്. 50-ാം മിനിറ്റിൽ പിറന്ന ആ ഗോളിന് ശേഷം ബ്രൈറ്റണ് ആസ്റ്റൺ വില്ലയുടെ വലയിലേക്ക് കുതിക്കാൻ കഴിഞ്ഞില്ല. 65-ാം മിനിറ്റിലാണ് വാറ്റ്കിൻസ് ഹാട്രിക് പൂർത്തിയാക്കിയത്. അവിടെയും നിർത്താതെ ജേക്കബ് റാംസിയും (85) ഇഞ്ചുറി ടൈമിൽ പൗലോ ഡഗ്ലസ് ലൂയിസും (90 +6:38) ഗോളുകളടിച്ച് വില്ലയുടെ വിജയം ഗംഭീരമാക്കി.
അതേസമയം, ചെൽസിക്കെതിരായ (1-0) തോൽവിക്ക് ശേഷം ബ്രൈറ്റണിന്റെ രണ്ടാം തോൽവിയായിരുന്നു ഇന്നത്തേത്. ആസ്റ്റൺ വില്ലയും കഴിഞ്ഞ മത്സരത്തിൽ എവർടണിനോട് തോൽവി വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.