ലിവർപൂളിന്റെ ജയം തടഞ്ഞ് ആസ്റ്റൻ വില്ലയുടെ നാടകീയ തിരിച്ചുവരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മിനിറ്റുകളിലെ നാടകീയ തിരിച്ചുവരവിലൂടെ ലിവർപൂളിനെ തളച്ച് ആസ്റ്റൻവില്ല. ഇരുനിരയും മൂന്ന് ഗോൾ വീതമടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. വില്ല പാർക്കിൽ നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് ശേഷിക്കെ ജോൺ ജുറാൻ നേടിയ ഇരട്ട ഗോളുകളാണ് ലിവർപൂളിന്റെ വിജയം തടഞ്ഞത്.

രണ്ടാം മിനിറ്റിൽ തന്നെ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന്റെ പിഴവിൽ പന്ത് സ്വന്തം വലയിൽ കയറിയതോടെ ലിവർപൂളിന് അപ്രതീക്ഷിത ലീഡ് ലഭിച്ചു. എന്നാൽ, പത്ത് മിനിറ്റിനകം വാറ്റ്കിൻസിന്റെ അസിസ്റ്റിൽ യൂരി ടീലമാൻസിലൂടെ വില്ല തിരിച്ചടിച്ചു. എന്നാൽ, സമനിലയുടെ ആവേശത്തിന് അധികം ആയുസുണ്ടായില്ല. 23ാം മിനിറ്റിൽ ജോ ഗോമസിന്റെ ക്രോസിൽ കോഡി ഗാക്പോ ലിവർപൂളിനെ വീണ്ടും മുന്നിലെത്തിച്ചു. തുടർന്ന് സമനില പിടിക്കാനുള്ള അവസരം ഡീഗോ കാർലോസും മൂസ ഡയാബിയുമെല്ലാം കളിഞ്ഞുകുളിച്ചതോടെ ആദ്യപകുതി ലിവർപൂളിന് സ്വന്തമായി.

രണ്ടാം പകുതി തുടങ്ങിയയുടൻ യുവ ഡിഫൻഡർ ജേറൽ ക്വാൻസ ഉശിരൻ ഹെഡറിലൂടെ ലിവർപൂൾ ലീഡ് വർധിപ്പിച്ചു. എന്നാൽ, വിട്ടുകൊടുക്കാതെ പോരാടിയ ആസ്റ്റൻ വില്ലക്ക് അതിന്റെ ഫലവും കിട്ടി. അവസാന അഞ്ചുമിനിറ്റിൽ ജോൺ ഡുറാൻ രക്ഷകനായി അവതരിക്കുകയായിരുന്നു. 85ാം മിനിറ്റിൽ ചേംബേഴ്സിന്റെയും മൂന്ന് മിനിറ്റിനകം ഡയാബിയുടെയും പാസുകളിലാണ് ഡുറാൻ ചെമ്പടയുടെ ചങ്ക് തകർത്തത്. ഇതോടെ ആസ്റ്റൻ വില്ലക്ക് ജയത്തോളം പോന്ന സമനിലയായി. 

കിരീട പ്രതീക്ഷകൾ അസ്തമിച്ച ലിവർപൂൾ 37 മത്സരങ്ങളിൽ 79 പോയന്റോടെ ലീഗിൽ മൂന്നാമത് തുടരുകയാണ്. 86 പോയന്റുമായി ആഴ്സണലാണ് ഒന്നാമത്. ഒരു മത്സരം കുറച്ചുകളിച്ച മാഞ്ചസ്റ്റർ സിറ്റി ഒരു പോയന്റ് മാത്രം അകലത്തിൽ കിരീട സ്വപ്നത്തിലാണ്. ലിവർപൂളിന് പിന്നിൽ നാലാമതുള്ള ആസ്റ്റൻവില്ലക്ക് 68 പോയന്റാണുള്ളത്. 

Tags:    
News Summary - Aston Villa's dramatic comeback to prevent Liverpool from winning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.