ലിസ്ബൺ: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് അറ്റ്ലാൻറയും ഫ്രഞ്ച് ജേതാക്കളായ പി.എസ്.ജിയും തമ്മിലാണ് പോരാട്ടം. രാത്രി 12.30ന് സ്പോർട്ടിങ്ങിെൻറ വേദിയിലാണ് മത്സരം.
ഇറ്റലിയിൽ കോവിഡ് മരണനൃത്തമാടിയ മണ്ണിൽനിന്ന് വരുന്ന അറ്റ്ലാൻറക്ക് ഒരു ലക്ഷ്യം മാത്രമേയുള്ളൂ. മൃതശരീരങ്ങൾ അട്ടിയിട്ട സൈനിക വാഹനങ്ങളുടെ സഞ്ചാരംകൊണ്ട് മൂന്നുമാസം മുമ്പ് ലോകത്തിെൻറ കണ്ണീരായി മാറിയ ബെർഗാമോയുടെ വേദന മാറ്റണം.
കോവിഡിൽ ആറായിരം പേർ മരിച്ച കൊച്ചു പ്രവിശ്യയിൽ ചിരിയും കളിയും സന്തോഷവും തിരികെയെത്തിക്കാൻ ആകെയുള്ള വഴി അവരുടെ സ്വന്തം ക്ലബായ അറ്റ്ലാൻറയുടെ ജയമാണ്. എന്ത് വേദനയിലും അവർ ക്ലബിെൻറ വിജയങ്ങെള നെഞ്ചേറ്റും.
ആ ചരിത്രമാണ്, ചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിൽ അറ്റ്ലാൻറയെ ഉത്തേജിപ്പിക്കുന്നത്. ഫെബ്രുവരി- മാർച്ചിൽ വലൻസിയക്കെതിരെ സാൻസിറോയിലും വലൻസിയയിലും നടന്ന പ്രീക്വാർട്ടർ മത്സരങ്ങൾ സ്പെയിനിലും ഇറ്റലിയിലും രോഗവ്യാപനത്തിന് ഇടയാക്കിയെന്ന ആരോപണവുമുണ്ട്.
ഇറ്റാലിയൻ സീരി 'എ'യിൽ മൂന്നാം സ്ഥാനത്തുള്ള ടീമിെൻറ പ്രധാനികൾ ഡുവാൻ സപാറ്റ, ലൂയിസ് മ്യൂരിയൽ, ജോസിഫ് ഇലിസിച് എന്നിവർതന്നെ.
ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജിയെ അട്ടിമറിക്കുകയെന്നത് വലിയ വെല്ലുവിളിയുമാണ്. നെയ്മർ, എയ്ഞ്ചൽ ഡി മരിയ, ഇകാർഡി എന്നിവരുടെ സംഘത്തിലേക്ക് പരിക്കേറ്റ് കെയ്ലിയൻ എംബാപ്പെ തിരികെയെത്തുമോ എന്നതിനാണ് കാത്തിരിപ്പ്.
കണങ്കാലിലെ പരിക്കു മാറി ശനിയാഴ്ച പരിശീലനത്തിനിറങ്ങി എംബാപ്പെ അറ്റ്ലാൻറക്കെതിരെ കളത്തിലിറങ്ങുമെന്നുതന്നെയാണ് വാർത്തകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.