മാഡ്രിഡ്: ലാലിഗയിൽ ബാഴ്സയുടെ തേരോട്ടം തടയിടാനുള്ള അവസരം കളഞ്ഞുകളിച്ച് റയൽ മാഡ്രിഡ്. അത്ലറ്റികോ ബിൽബാവോക്കെതിരെ ഒന്നിനെതിരെ രണ്ടുഗോളിനാണ് റയൽ കീഴടങ്ങിയത്. ബിൽബാവോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ അലക്സാൻട്രോ റെമിറോയും ഗോർക്ക ഗുരുസെറ്റയുമാണ് ഗോൾ കണ്ടെത്തിയത്. ജൂഡ് ബെല്ലിങ്ഹാമാണ് റയലിനായി ആശ്വാസ ഗോൾ നേടിയത്.
ആദ്യ പകുതിയിൽ അവസരങ്ങളേറെ തുറന്നിട്ടും ഗോളടിക്കാനാകാത്തത് റയലിന് വിനയായി. 13ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ബിൽബാവോയുടെ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് വിളിച്ചു.
രണ്ടാം പകുതിയിൽ 53ാം മിനിറ്റിൽ ബിൽബാവോ ലീഡെടുത്തു (1-0). ഇടതുവിങ്ങിൽ നിന്നും ഇനാക്കി വില്യംസ് നൽകിയ ലോങ് ക്രോസ് ഗോൾ കീപ്പറുടെ കൈകളിൽ തട്ടിതെറിച്ചപ്പോൾ അലക്സാൻട്രോ റെമീറോ സമർത്ഥമായി വലയിലെത്തിച്ചു. തുടർന്ന് കളിയിലേക്ക് തിരിച്ചുവരാനുള്ള റയലിന് 66ാം മിനിറ്റിൽ ഒരു പെനാൽറ്റി വീണ് കിട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.
അന്റോണിയോ റൂഡിഗറിനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി സൂപ്പർ താരം എംബാപ്പെ കഴിഞ്ഞ മത്സരങ്ങളിലെന്ന പോലെ ഗോൾ കീപ്പറുടെ കൈകളിലേക്ക് അടിച്ചുകൊടുത്തു.
എന്നാൽ, 78ാം മിനിറ്റിൽ റയൽ സമനില ഗോൾ കണ്ടെത്തി. എംബാപ്പെയുടെ ലോങ് റെഞ്ചർ തട്ടിതെറിപ്പിച്ച ബിൽബാവോ ഗോൾകീപ്പറുടെ കൈകളിൽ നിന്ന് പന്ത് റാഞ്ചി ജൂഡ് ബെല്ലിങ്ഹാം വലയിലെത്തിച്ചു(1-1).
പക്ഷേ റയലിന്റെ ആഘോഷങ്ങൾക്ക് അധികം ആയുസുണ്ടായില്ല. രണ്ട് മിനിറ്റിനകം ബിൽബാവോ വീണ്ടും ലീഡെടുത്തു. റയലിന്റെ പ്രതിരോധ പിഴവിൽ ഗോർക്ക ഗുരുസെറ്റയാണ് ഗോൾ നേടിയത് (2-1). 15 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി റയൽ ലാലീഗ പോയിന്റ് പട്ടികയിൽ രണ്ടാത് തുടരുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള ബാഴ്സയെ മറികടക്കാനുള്ള അവസരമാണ് ബിൽബാവോക്കെതിരെ നഷ്ടപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.