കൊൽക്കത്ത: കേരള ബ്ലാസ്റ്റേഴ്സിൻെറ മുൻ നായകനും ഇന്ത്യൻ ഫുട്ബാൾ ടീമിൻെറ പ്രതിരോധത്തിലെ കുന്തമുനയുമായ സന്ദേശ് ജിങ്കാൻ ഇന്ത്യൻ സൂപ്പർ ലീഗിൻെറ അടുത്ത സീസണിൽ എ.ടി.കെ മോഹൻ ബഗാനായി പന്തു തട്ടും. അഞ്ചു വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ട വിവരം ശനിയാഴ്ചയാണ് താരം ഔദ്യോഗികമായി പുറത്തുവിട്ടത്.
രണ്ടുവർഷം ബാക്കി നിൽക്കേയാണ് 27കാരവനായ ജിങ്കാൻ ഈ വർഷം മേയിൽ ബ്ലാസ്റ്റേഴ്സ് വിട്ടത്. കഴിഞ്ഞ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സിൻെറ പ്രതിരോധക്കോട്ട കാത്ത ജിങ്കാൻ വിദേശത്തേക്ക് പറക്കുമെന്ന് റിപോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ് വ്യാപനം കാരണം മോഹം പൂവണിഞ്ഞില്ല.
നാലു സീസണിൽ മഞ്ഞപ്പടയുടെ നായകൻ കൂടിയായിരുന്ന ജിങ്കാൻ 78 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു. 2014ൽ ഐ.എസ്.എല്ലിലെ എമർജിങ് പ്ലെയർ പുരസ്കാരത്തിനുടമയായിരുന്നു ജിങ്കാൻ.
അതേ വർഷം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻെറ എമർജിങ് പ്ലെയർ പുരസ്കാരവും തേടിയെത്തി. തുടർന്നങ്ങോട്ട് ഇന്ത്യൻ ടീമിൻെറ നീല ജഴ്സിയിൽ സ്ഥിര സാന്നിധ്യമായി മാറിയ ജിങ്കാന് അർജുന അവാർഡും സ്വന്തമാക്കാനായി.
ഈസ്റ്റ് ബംഗാള്‍, ബംഗളൂരു എഫ്.സി, എഫ്.സി ഗോവ, മുംബൈ സിറ്റി എഫ്.സി, ഒഡീഷ എഫ്.സി, മുംബൈ എഫ്.സി എന്നീ ടീമുകളുടെ കനത്ത വെല്ലുവിളി മറികടന്നാണ് എ.ടി.കെ ബഗാൻ താരത്തെ സ്വന്തം കൂടാരത്തിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.