മോശം പെരുമാറ്റം; മോഹൻ ബഗാൻ സ്ട്രൈക്കർ സാദികുവിന് വിലക്ക്

കൊൽക്കത്ത: ഐ.എസ്.എൽ സെമി ഫൈനലിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ മോഹൻ ബഗാൻ സ്ട്രൈക്കർ അർമാൻഡോ സാദികുവിനെതിരെ കടുത്ത നടപടിയുമായി അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ അച്ചടക്ക സമിതി. അൽബേനിയക്കാരനായ താരത്തിന് രണ്ട് മത്സരങ്ങളിൽ വിലക്കേർപ്പെടുത്തിയ സമിതി, അര ലക്ഷം രൂപ പിഴയും വിധിച്ചു. ശനിയാഴ്ച മുംബൈ സിറ്റിക്കെതിരെ നടക്കുന്ന ഫൈനൽ മത്സരത്തിൽ സാദികുവിന് കളിക്കാനാവില്ല.

അടുത്ത രണ്ട് വർഷം താരത്തിന് നല്ല നടപ്പു കാലമാണ്. ഇക്കാലയളവിൽ മറ്റൊരു കുറ്റം ചെയ്താൽ അന്നത്തേതിന്റെ ശിക്ഷക്ക് പുറമെ രണ്ട് മത്സര വിലക്ക് അധികമായി ലഭിക്കും. ഏപ്രിൽ 23ന് ഭുവനേശ്വറിൽ നടന്ന സെമി ആദ്യപാദ മത്സരത്തിന്റെ 67ാം മിനിറ്റിൽ സാദികു രണ്ടാം മഞ്ഞക്കാർഡും ചുവപ്പ് കാർഡും കണ്ട് മടങ്ങിയിരുന്നു. എതിർ ടീം താരം അഹ്മദ് ജുഹൂവിനെ ഫൗൾ ചെയ്തതിനായിരുന്നു കളിയിലെ രണ്ടാം മഞ്ഞക്കാർഡ്. കരക്ക് കയറവെ ടെക്നിക്കൽ ഏരിയയിലേക്ക് നോക്കി സാദികു കുറ്റകരമായ ആംഗ്യം കാണിച്ചതിന് ഡിസിപ്ലിനറി കോഡിലെ 51ാം ചട്ട പ്രകാരമാണ് മത്സരവിലക്കും പിഴയും.

ചുവപ്പ് കാർഡിന്റെ പേരിൽ സ്വാഭാവികമായി ലഭിച്ച ഒരു മത്സര വിലക്കിന് പുറമെ മറ്റൊരു കളിയിലും കൂടിയാണ് താരം പുറത്തിരിക്കേണ്ടിവരുക. ഫൈനലോടെ നടപടി തൽക്കാലത്തേക്ക് അവസാനിക്കുമെന്നർഥം.

Tags:    
News Summary - Bad behavior; Mohun Bagan striker Armando Sadiku banned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.