പാരീസ്: ലോക ഫുട്ബാളിലെ ഏറ്റവും നിറപ്പകിട്ടാർന്ന പുരസ്കാരമായ ബാലൺ ദ്യോർ സ്പെയിനിന്റെ മാഞ്ചസ്റ്റർ സിറ്റി താരം റോഡ്രിക്കെന്ന് സൂചന.
പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാന നിമിഷം വരെ പുരസ്‌കാരം ഉറപ്പിച്ചിരുന്ന റയൽ മഡ്രിഡിന്റെ ബ്രസീലിയൻ വിങ്ങർ വിനീഷ്യസ് ജൂനിയറിനെ മറികടന്നാണ് റോഡ്രി ജേതാവാകുമെന്ന അഭ്യൂഹങ്ങൾ പുറത്തുവരുന്നത്. വിനീഷ്യസും മറ്റു റയൽ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനായി പാരീസിലേക്ക് പോകുന്നില്ലെന്ന റിപ്പോർട്ടാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.
പ്രമുഖ സ്‌പോർട്‌സ് ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവരാണ് ഇക്കാര്യം പുറത്തുവിട്ടത്. യൂറോ കപ്പ് കിരീടം ചൂടിയ സ്പാനിഷ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു റോഡ്രി. ടൂര്‍ണമെന്‍റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിയായിരുന്നു.
‘റയൽ മഡ്രിഡിൽനിന്ന് ആരും ബാലൺ ദ്യോർ ചടങ്ങിൽ പങ്കെടുക്കില്ല. ഫ്ലോറന്‍റിനോ പെരസ്, വിനീഷ്യസ്, കാർലോ ആഞ്ചലോട്ടി, ജൂഡ് ബെല്ലിങ്ഹാം എന്നിവർ പാരീസിലേക്ക് പോകില്ല’ -ഫാബ്രിസിയോ എക്സിൽ കുറിച്ചു. 2003ന് ശേഷം ഇതാദ്യമായി അർജന്റീനയുടെ ഇതിഹാസതാരം ലയണൽ മെസ്സിയോ പോർചുഗലിന്റെ വിഖ്യാത പ്രതിഭ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇടംപിടിക്കാത്ത പട്ടികയിൽനിന്നാണ് ജേതാവിനെ ഇക്കുറി പ്രഖ്യാപിക്കുന്നത്. മെസ്സി എട്ടു തവണ പുരസ്കാരം നേടി റെക്കോർഡിട്ടപ്പോൾ റൊണാൾഡോ അഞ്ചു തവണ പുരസ്കാര നേട്ടത്തിലെത്തിയിട്ടുണ്ട്.
മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്ട്രൈക്കർ എർലിങ് ഹാലാൻഡ്, റയലിന്റെ ഇംഗ്ലണ്ട് മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം, ബാഴ്സലോണയുടെ സ്പാനിഷ് കൗമാരതാരം ലാമിൻ യമാൽ, റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെ തുടങ്ങിയവർ ഉൾപ്പെടെ ലിസ്റ്റിലുണ്ട്. അടുത്തിടെ ചാമ്പ്യൻസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ വിനീഷ്യസ് ഹാട്രിക് നേടിയതിനു പിന്നാലെ താരം ഇത്തവണ ബാലൺ ദ്യോർ ജേതാവാകുമെന്ന് പരിശീലകൻ ആഞ്ചലോട്ടി ഉറപ്പിച്ചു പറഞ്ഞിരുന്നു. നേടിയ മൂന്നു ഗോളുകൾ കാരണമല്ല, അദ്ദേഹത്തിന്‍റെ സ്വഭാവം കൊണ്ടാണെന്നുമാണ് ആഞ്ചലോട്ടി പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.