ബാഴ്സലോണ: അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളിൽ വിജയം പിടിച്ച് ബാഴ്സലോണ. നവീകരണ പ്രവൃത്തികൾ നടക്കുന്ന ക്യാമ്പ് നൗവിന് പുറത്ത് നടന്ന ലാലിഗയിലെ ആദ്യ ഹോം മാച്ചിൽ എതിരില്ലാത്ത രണ്ട് ഗോളിന് കാർഡിസിനെയാണ് നിലവിലെ ചാമ്പ്യന്മാർ കീഴടക്കിയത്. പെഡ്രിയും ഫെറാൻ ടോറസുമാണ് ബാഴ്സക്കായി ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ അത്‍ലറ്റികോ മാഡ്രിഡ് റയൽ ബെറ്റിസുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങി.
സസ്പെൻഷനിലായ റാഫിഞ്ഞക്ക് പകരം 16കാരൻ ലാമിൻ യമാലിനെ മധ്യനിരയിൽ വിന്യസിച്ചാണ് ചാവി മോണ്ട്ജൂയികിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ടീമിനെ ഇറക്കിയത്. ഇതോടെ ബാഴ്സക്കായി ലീഗ് മാച്ചിൽ ഇറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി 16 വർഷവും 38 ദിവസവും പ്രായമുള്ള ലാമിൻ യമാൽ.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബാഴ്സക്കും ഗോളിനുമിടയിൽ തടസ്സമായി നിന്നത് കാർഡിസ് ഗോൾകീപ്പറായിരുന്നു. ഗോളെന്നുറച്ച നിരവധി ഷോട്ടുകൾ ഗോളി തട്ടിത്തെറിപ്പിച്ചു. ആദ്യ ഗോളിന് 82ാം മിനിറ്റ് വരെ ബാഴ്സക്ക് കാത്തിരിക്കേണ്ടി വന്നു. ഗുണ്ടോകൻ നൽകിയ മനോഹര പാസ് വലയിലെത്തിച്ച് പെഡ്രിയാണ് അക്കൗണ്ട് തുറന്നത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഒറ്റക്കുള്ള മുന്നേറ്റത്തിലൂടെ പകരക്കാരൻ ഫെറാൻ ടോറസും ലക്ഷ്യം കണ്ടതോടെ ജയം ആധികാരികമായി.
ആദ്യ മത്സരത്തിൽ ഗെറ്റാഫെയോട് സമനിലയിൽ കുരുങ്ങിയ ബാഴ്സ നാല് പോയന്റുമായി പോയന്റ് പട്ടികയിൽ അഞ്ചാമതാണ്. റയൽ മഡ്രിഡാണ് ആറ് പോയന്റുമായി ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.