സെവിയ്യക്ക് തിരിച്ചടിയായി റാമോസിന്റെ സെൽഫ് ഗോൾ; ജയത്തോടെ ബാഴ്സ വീണ്ടും മുന്നിൽ

ബാഴ്സലോണ: പാരിസ് സെന്റ് ജെർമെയ്നിൽനിന്ന് (പി.എസ്.ജി) സെവിയ്യയിലേക്ക് ചേക്കേറിയ സെർജിയോ റാമോസിന്റെ പിഴവിൽ ജയം പിടിച്ച് ബാഴ്സലോണ. ലാലീഗയിൽ ബാഴ്സക്കെതിരെ 34ാം മത്സരത്തിനിറങ്ങി റെക്കോഡിട്ട മത്സരത്തിൽ 76ാം മിനിറ്റിലാണ് റാമോസിന്റെ സെൽഫ് ഗോൾ പിറന്നത്. മത്സരത്തിൽ ബാഴ്സക്ക് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബാൾ എതിർ പോസ്റ്റിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

13ാം മിനിറ്റിലാണ് ബാഴ്സലോണക്ക് ആദ്യ അവസരം ലഭിച്ചത്. എന്നാൽ, ജാവോ ഫെലിക്സിന്റെ ഷോട്ട് സെവിയ്യ ഗോൾകീപ്പർ നൈലാൻഡ് തട്ടി​യകറ്റി. നാല് മിനിറ്റിനകം സെവിയ്യക്കും മികച്ച അവസരം ലഭിച്ചെങ്കിലും ഇവാൻ റാക്കിടിച്ചിന്റെ ഷോട്ട് തകർപ്പൻ ഡൈവിലൂടെ ബാഴ്സ ഗോൾകീപ്പർ രക്ഷപ്പെടുത്തി. 22ാം മിനിറ്റിൽ ജാവോ ഫെലിക്സ് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഇത്തവണ തടസ്സം നിന്നത് ക്രോസ്ബാർ ആയിരുന്നു. 39ാം മിനിറ്റിലും ബാഴ്സക്ക് തുറന്ന അവസരം ലഭിച്ചെങ്കിലും നൈലാൻഡിനെ മറികടക്കാനായില്ല. 55ാം മിനിറ്റിൽ ലെവൻഡോവ്സ്കിക്ക് ലഭിച്ച അവസരവും മുതലാക്കാനായില്ല. 73ാം മിനിറ്റിൽ റാക്കിടിച്ചിന്റെ ഹെഡർ ബാഴ്സ ഗോൾമുഖത്ത് ഭീതി വിതച്ചെങ്കിലും പോസ്റ്റിനോട് ചാരി പുറത്തേക്ക് പോയി. വൈകാതെ റാമോസിന്റെ ഓൺഗോളെത്തി. ലാമിൻ യമാലിന്റെ ഹെഡർ ക്ലിയർ ചെയ്യുന്നതിനിടെ പന്ത് സ്വന്തം വലയിൽ കയറുകയായിരുന്നു.

ജയത്തോടെ എട്ട് മത്സരങ്ങളിൽ 20 പോയന്റോടെ ബാഴ്സ ഒന്നാമതെത്തി. ഏഴ് മത്സരങ്ങളിൽ 19 പോയന്റുമായി ഗിറോണയും 18​ പോയന്റുമായി റയൽ മാഡ്രിഡും തൊട്ടുപിന്നിലുണ്ട്.    

Tags:    
News Summary - Barca won against Sevilla thanks to Ramos' own goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.