ചരിത്രം കുറിച്ച് ലാമിനെ യമാൽ; റയൽ ബെറ്റിസിനെ തരിപ്പണമാക്കി ബാഴ്സ; കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്തു

ലാ ലിഗയിൽ റയൽ ബെറ്റിസിനെ നിലംപരിശാക്കി കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് ബാഴ്സലോണ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സയുടെ ജയം. 15കാരനായ ലാമിനെ യമാൽ ബാഴ്‌സക്ക് വേണ്ടി അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. മത്സരത്തിന്‍റെ 84ാം മിനിറ്റിൽ ഗാവിക്കു പകരക്കാരനായാണ് ബാഴ്സ അക്കാദമിയുടെ പ്രൊഡക്റ്റായ യമാൽ കളത്തിലെത്തുന്നത്.

ലാ ലീഗയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാണ് യമാൽ. പ്രായം 15 വർഷവും 290 ദിവസവും. മല്ലോർക്കയുടെ യുവതാരം ലൂക റൊമേറോയാണ് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റ താരം. 2020ൽ റയൽ മഡ്രിഡിനെതിരെ കളത്തിലിറങ്ങുമ്പോൾ പ്രായം 15 വർഷവും 219 ദിവസവും. ആൻഡ്രിയാസ് ക്രിസ്റ്റൻസൻ (14ാം മിനിറ്റ്), റോബർട്ട് ലെവെൻഡോവ്സ്കി (36), റാഫിഞ്ഞ (39) എന്നിവരാണ് ബാഴ്സക്കായി ഗോൾ നേടിയത്. നാലാമത്തെ ഗോൾ ഗൈഡോ റോഡ്രിഗസിന്‍റെ (82ാം മിനിറ്റിൽ) വക സെൽഫ് ഗോളായിരുന്നു.

ജയത്തോടെ ലീഗിൽ ഒന്നാമതുള്ള സാവിക്കും സംഘത്തിനും ലീഡ് 11 പോയിന്റ് ആക്കി നിലനിർത്താനായി. പരിക്ക് മാറി ക്രിസ്റ്റൻസൻ ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയപ്പോൾ ഡെമ്പലെ ബെഞ്ചിൽ സ്ഥാനം പിടിച്ചു. റാഫിഞ്ഞയുടെ ക്രോസിൽനിന്നു ഒന്നാന്തരമൊരു ഹെഡറിലൂടെയാണ് ക്രിസ്റ്റൻസൻ മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. 33ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കിട്ടി ബെറ്റിസ് പ്രതിരോധ താരം എഡ്ഗാർ ഗോൺസാലസ് പുറത്തു പോയത് ടീമിന് തിരിച്ചടിയായി.

രണ്ടു മിനിറ്റിനുള്ളിൽ വലത് വിങ്ങിൽനിന്നു ജൂൾസ് കുണ്ടേ നൽകിയ നിലം പറ്റെയുള്ള ക്രോസ് വലയിലാക്കി ലെവൻഡോവ്സ്കി ലീഡ് ഉയർത്തി. മൂന്ന് മിനിറ്റിനു ശേഷം ബുസ്ക്വറ്റ്‌സിന്റെ അസിസ്റ്റിലൂടെ റാഫിഞ്ഞ ടീമിന്‍റെ മൂന്നാം ഗോൾ നേടി. 82ാം മിനിറ്റിൽ ബോസ്‌കിനുള്ളിൽനിന്നു ഫാറ്റിയുടെ ഷോട്ട് എതിർ താരത്തിൽ തട്ടി പോസ്റ്റിലേക്ക് കയറി. സ്കോർ 4-0.

32 മത്സരങ്ങളിൽനിന്ന് ബാഴ്സക്ക് 79 പോയന്‍റാണുള്ളത്. രണ്ടാമതുള്ള റയലിന് ഇത്രയും മത്സരങ്ങളിൽനിന്ന് 68 പോയന്‍റും.

Tags:    
News Summary - Barcelona 4-0 Real Betis: Lamine Yamal makes history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.