ലാ ലീഗയിൽ മുന്നേറ്റം തുടർന്ന് ബാഴ്സലോണ. വിയ്യാറയലിനെതിരെ 5-1നായിരുന്നു കാറ്റലൻസിന്‍റെ വിജയം. മത്സരം വിജയിച്ചതോടെ ലാ ലീഗ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ബാഴ്സക്ക് സാധിച്ചു. ഒരു മത്സരം പോലും ലാ ലീഗയിൽ ബാഴ്സ ഈ സീസണിൽ തോറ്റിട്ടില്ല. ആറ് മത്സരത്തിൽ ആറും വിജയിച്ചാണ് ബാഴ്സയുടെ മുന്നേറ്റം.
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മൊണാക്കൊകെതിരെ തോറ്റതിന് ശേഷം മാറ്റങ്ങളുമായാണ് ബാഴ്സലോണ എത്തിയത്. മത്സരത്തിന്‍റെ ആദ്യ പത്ത് മിനിറ്റിൽ വിയ്യാറയലിന്‍റെ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. എട്ടാം മിനിറ്റിൽ അവർ ഗോൾ നേടിയെങ്കിലും ഓഫ്സൈഡ് ആകുകയായിരുന്നു. തുടക്കം ഒന്ന് പരുങ്ങിയെങ്കിലും ബാഴ്സ പിന്നീട് ട്രാക്കിലേക്ക് കയറുകയായിരുന്നു. പാബ്ലോ ടോറെയും പെഡ്രിയും മിഡ്ഫീൽഡിൽ സ്പേസ് ഉണ്ടാക്കി മുന്നേറിയപ്പോൾ ലാമിൻ യമാൽ എന്നത്തെയും പോലെ അപകടകാരിയായി മുന്നേറി.
20ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കിയിലൂടെ മുന്നിലെത്തിയ ബാഴ്സ പിന്നീട് ആക്രമിച്ച് കളിക്കുകയായിരുന്നു. ഹാൻസി ഫ്ലിക്കിന്‍റെ കീഴിൽ ടീമിന്‍റെ അറ്റാക്കിന് ലഭിക്കുന്ന ഊർജം ചെറുതല്ല. ആദ്യ ഗോൾ നേടി 15 മിനിറ്റിന് ശേഷം ലാമിൻ യമാലിന്‍റെ പാസിൽ ലെവൻഡോസ്കി ലീഡ് രണ്ടാക്കുകയായിരുന്നു. 38ാം മിനിറ്റിൽ പെരസിന്‍റെ ഗോളിലൂടെ വിയ്യാറയൽ തിരിച്ചടിച്ചെങ്കിലും രക്ഷയുണ്ടായില്ല. പിന്നീട് പാബ്ലോ ടോറെ 58ാം മിനിറ്റിൽ ബാഴ്സക്കായി മൂന്നാം ഗോൾ സ്വന്തമാക്കി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വിയ്യാറയൽ ബാഴ്സയെ വിറപ്പിക്കാൻ ശ്രമിച്ചെങ്കിലും ബാഴ്സ ശക്തമായി തന്നെ കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. മൂന്നാം ഗോളിന് ശേഷം മൂന്ന് സബ്ബുമായി ഫ്ലിക്ക് എത്തിയിരുന്നു. 75ാം മിനിറ്റിലും 83ാം മിനിറ്റിലും ബാഴ്സയുടെ ബ്രസീലിയൻ സ്ട്രൈക്കർ റാഫിൻഹാ ഗോൾ വല കുലുക്കിയതോടെ ഫ്ലിക്ക് പടയുടെ വിജയം പൂർണമാകുകയായിരുന്നു. ഇരു ടീമുകളും നിലവാരമുള്ള ഫുട്ബോൾ കളിച്ച മത്സരത്തിൽ ബാഴ്സലോണയുടെ അറ്റാക്കിങ് നിര ടീമിനെ മുന്നിലെത്തികുകയായിരുന്നു.
ബാഴ്സലോണ 65% സമയം ബോൾ കൈവശം വെക്കാൻ ബാഴ്സക്ക് സാധിച്ചിരുന്നു. 17 തവണ കാറ്റാലൻ പട ഷോട്ടിന് മുതിർന്നപ്പോൾ വിയ്യാറയൽ 13 തവണയാണ് ഷോട്ടിന് ശ്രമിച്ചത്. ലാ ലീഗ പോയിന്‍റ് ടേബിളിൽ 18 പോയിന്‍റുമായി ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 പോയിന്‍റുമായി റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്തുള്ളത്. 11 പോയിന്‍റുമായി വിയ്യാറയൽ അഞ്ചാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.