മുൻ റഫറിക്ക് പണം നൽകിയെന്ന്; ബാഴ്സലോണ കുരുക്കിൽ; അഴിമതി കുറ്റം ചുമത്തി

മുൻ റഫറിക്ക് വൻതോതിൽ പണം നൽകിയെന്ന ആരോപണത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണക്കെതിരെ പ്രോസിക്യൂട്ടർമാർ അഴിമതി കുറ്റം ചുമത്തി. പ്രതിഭാഗത്തിന്‍റെ വാദം കൂടി കേട്ടശേഷമായിരിക്കും കേസ് നടപടികളുമായി മുന്നോട്ടുപോകണമോ എന്ന കാര്യത്തിൽ ജഡ്ജ് അന്തിമ തീരുമാനം കൈക്കൊള്ളുക.

സ്പെയിൻ റഫറി കമ്മിറ്റിയുടെ മുൻ വൈസ് പ്രസിഡന്‍റായ ജോസ് മരിയ എൻറിക്വസ് നെഗ്രേരരുയെട ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് ക്ലബ് പലതവണകളായി വൻതോതിൽ പണം കൈമാറിയിരുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മത്സരഫലത്തെ സ്വാധീനിക്കുന്നതിനാണ് പണം കൈമാറിയതെന്നാണ് പ്രോസിക്യൂഷൻ വാദം. ബാഴ്സക്കെതിരെയും ക്ലബിന്‍റെ രണ്ടു മുൻ പ്രസിഡന്‍റുമാർക്കെതിരെയുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. 2001-2018 കാല‍യളവിലായി 63 കോടിയോളം രൂപ കൈമാറിയെന്നാണ് ആരോപണം. ജോസ് മരിയ 1993 മുതൽ 2018 വരെയാണ് സ്പാനിഷ് ഫുട്ബാൾ അസോസിയേഷന്‍റെ തലപ്പത്തുണ്ടായിരുന്നത്.

രഹസ്യ ഉടമ്പടി പ്രകാരം, മത്സരങ്ങളിലും ഫലങ്ങളിലും നെഗ്രേരയുടെ റഫറീയിങ് തീരുമാനങ്ങൾ ബാഴ്സക്ക് അനുകൂലമായിരുന്നെന്നും ഇതിനായി പണം കൈമാറിയെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു. പരാതി പ്രതീക്ഷ‍ിച്ചിരുന്നതാണെന്ന് ബാഴ്‌സയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രോസിക്യൂട്ടർമാരുടെ പ്രാഥമിക അന്വേഷണ സിദ്ധാന്തം മാത്രമാണിത്. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അന്വേഷണവുമായി ക്ലബ് പൂർണമായി സഹകരിക്കും. തങ്ങൾ ഒരിക്കലും ഒരു റഫറിയെയും വാങ്ങിയിട്ടില്ലെന്നും അവരുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കുറ്റം തെളിഞ്ഞാൽ ബാഴ്സക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിലവിൽ സ്പാനിഷ് ലാ ലീഗയിൽ 62 പോയന്‍റുമായി ബാഴ്സ ഒന്നാമതാണ്. രണ്ടാമതുള്ള റയൽ മഡ്രിഡിനേക്കാൾ ഒമ്പത് പോയന്‍റിന്‍റെ ലീഡുണ്ട്.

Tags:    
News Summary - Barcelona charged with corruption over payments to former referees' official

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.