മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ഗ്രനഡക്കെതിരെ രണ്ട് ഗോളിന് പിറകിൽനിന്ന ശേഷം സമനിലയിൽ രക്ഷപ്പെട്ട് ബാഴ്സലോണ. കളിതുടങ്ങി 17 സെക്കൻഡിനകം ഗ്രനഡ ബാഴ്സയുടെ വലയിൽ പന്തെത്തിക്കുന്നത് കണ്ടാണ് മത്സരം തുടങ്ങിയത്. ബാഴ്സ താരത്തിൽനിന്ന് തട്ടിയെടുത്ത പന്തുമായി മുന്നേറിയ ഗ്രനഡ താരങ്ങൾ ബ്രയാൻ സരഗോസ മാർട്ടിനസിലൂടെ പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 29ാം മിനിറ്റിൽ ഒറ്റക്ക് മുന്നേറിയ മാർട്ടിനസ് പ്രതിരോധ താരങ്ങളെയും ഗോളിയെയും ഒരുപോലെ കബളിപ്പിച്ച് രണ്ടാം ഗോളും നേടിയതോടെ ബാഴ്സ വിറച്ചു.
എന്നാൽ, തിരിച്ചടിക്കാൻ ബാഴ്സ താരങ്ങൾ ഗ്രനഡ ഗോൾമുഖം പലതവണ റെയ്ഡ് ചെയ്തു. ഇതിനിടെ 35ാം മിനിറ്റിൽ ജാവോ ഫെലിക്സിന്റെ ഷോട്ട് ഗ്രനഡ ഗോൾകീപ്പർ ഡൈവ് ചെയ്ത് പുറത്തേക്ക് തട്ടിത്തെറിപ്പിച്ചു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾക്കൊടുവിൽ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബാഴ്സ ലക്ഷ്യം കണ്ടു. ജാവോ ഫെലിക്സ് നൽകിയ മനോഹര പാസ് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിടേണ്ട ദൗത്യം മാത്രമേ കൗമാര താരം ലാമിൻ യമാലിന് ഉണ്ടായിരുന്നുള്ളൂ. ഇതോടെ ലാലിഗ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററെന്ന റെക്കോഡും താരത്തെ തേടിയെത്തി. 16 വയസ്സും 87 ദിവസവുമാണ് താരത്തിന്റെ പ്രായം.
രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ബാഴ്സ താരങ്ങൾ ലക്ഷ്യം കാണുന്നതിൽ പരാജയപ്പെട്ടു. കളി തീരാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ അലജാന്ദ്രൊ ബാൾഡെയുടെ അസിസ്റ്റിൽ സെർജിയോ റോബർട്ടോ നേടിയ ഗോളാണ് അവർക്ക് സമനില സമ്മാനിച്ചത്. 87ാം മിനിറ്റിൽ ഗ്രനഡ താരത്തിന്റെ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് ബാഴ്സയെ വിറപ്പിച്ചു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ജാവോ ഫെലിക്സ് ഗോൾ നേടിയെങ്കിലും ‘വാർ’ പരിശോധനയിൽ ഫെറാൻ ടോറസ് ഇഞ്ചുകളുടെ വ്യത്യാസത്തിൽ ഓഫ്സൈഡാണെന്ന് കണ്ടെത്തിയത് തിരിച്ചടിയായി. കളിയുടെ 81 ശതമാനവും വരുതിയിലാക്കിയിട്ടും ടാർഗറ്റിലേക്ക് 10 ഷോട്ടുകൾ പായിച്ചിട്ടും നിർഭാഗ്യമാണ് കൂടുതൽ ഗോൾ നേടുന്നതിൽനിന്ന് ബാഴ്സക്ക് തടസ്സമായത്.
മറ്റൊരു മത്സരത്തിൽ റയൽ സൊസീഡാഡിനെ അത്‍ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. സാമുവൽ ലിനോയിലൂടെ 22ാം മിനിറ്റിൽ അതിലറ്റിക്കോ മുന്നിലെത്തിയപ്പോൾ 73ാം മിനിറ്റിൽ മൈകൽ ഒയാർസബാലിലൂടെ റയൽ സൊസീഡാഡ് തിരിച്ചടിച്ചു. കളി തീരാൻ ഒരു മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് അന്റോയിൻ ഗ്രീസ്മാനാണ് അത്‍ലറ്റിക്കോക്ക് വിജയം സമ്മാനിച്ചത്. സെവിയ്യയും റയോ വലെകാനോയും തമ്മിലും സെൽറ്റാ വിഗോയും ഗെറ്റാഫെയും തമ്മിലുള്ള മത്സരങ്ങൾ 2-2ന് സമനിലയിൽ അവസാനിച്ചു. ലാസ് പാൽമാസ് 2-1ന് വിയ്യാറയലിനെ തോൽപിച്ചപ്പോൾ റയൽ ബെറ്റിസ്-അലാവെസ് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.