യുവേഫ ചാമ്പ്യൻസ് ലീഗിൽ യങ് ബോയ്സിനെതിരെ ബാഴ്സക്ക് അഞ്ച് ഗോളിന്‍റെ ത്രസിപ്പിക്കുന്ന വിജയം. ഈ സീസണിൽ ടീമിന്‍റെ മാനേജറായി ചുമതലയേറ്റ ഹാൻസി ഫ്ലിക്കിന്‍റെ കീഴിൽ മികച്ച പ്രകടനം തുടരുകയാണ് ബാഴ്സ. ചാമ്പ്യൻസ് ലീഗ് ആദ്യ മത്സരത്തിൽ മൊണാക്കയോട് അപ്രതീക്ഷമായി ഫ്ലിക്ക് പട തോറ്റിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ ശക്തമായുള്ള തിരിച്ചുവരവാണ് ടീം ഇപ്പോൾ നടത്തിയത്.
ആദ്യ പകുതിയിൽ മൂന്ന് ഗോളും രണ്ടാം പകുതിയിൽ രണ്ട് ഗോളുമാണ് ബാഴ്സലോണ നേടിയത്. തുടക്കം മുതൽ ഒടുക്കം വരെ സ്പാനിഷ് വമ്പൻമാരുടെ ആധിപത്യത്തിനാണ് മത്സരം സാക്ഷിയായത്. പ്രതിരോധത്തിൽ ഊന്ന് കളിക്കുകയായിരുന്ന യങ് ബോയ്സിന്‍റെ കോട്ട പൊളിക്കാനായിരുന്നു ബാഴ്സ തുടക്കം മുതൽ ശ്രമിച്ചത്. അവരുടെ ആക്രമണ നിരയിലുണ്ടായിരുന്ന താളം അത് കൃത്യമായി നിർവഹിക്കുകയും ചെയ്തു. മത്സരം ആരംഭിച്ച് എട്ടാം മിനിറ്റിൽ തന്നെ ബാഴ്സ ലെവൻഡോസ്കിയിലൂടെ ആദ്യ ഗോൾ നേടിയിരുന്നു. ലീഡ് നേടിയതിന് ശേഷം ബാഴ്സ കുറച്ചുകൂടി ശക്തി ആർജിക്കുകയായിരുന്നു.
രണ്ടാം ഗോൾ നേടുവാനായി യങ് ബോയ്സിന്‍റെ പോസ്റ്റിലേക്ക് ബാഴ്സ തുരുതുരാ ഷോട്ടുകൾ പായിച്ചുകൊണ്ടിരുന്നു. ഒടുവിൽ 34ാം മിനിറ്റിൽ റഫീന്യ ബാഴ്സക്കായി രണ്ടാം ഗോൾ തികച്ചു. മൂന്ന് മിനിറ്റുകൾക്കപ്പുറം പെഡ്റിയുടെ ഫ്രീകിക്ക് ബോക്സിനുള്ളിൽ വെച്ച് ഹെഡറിലൂടെ ഇനിഗോ മാർട്ടിനെസ് ഗോളാക്കി മാറ്റി. ഇതോടെ ആദ്യ പകുതിയിൽ ബാഴ്സ കൃത്യമായ മുൻകൈ നേടി. രണ്ടാം പകുതി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ബാഴ്സ ലെവൻഡോസ്കിയിലൂടെ നാലാം ഗോളും കണ്ടെത്തി. 60ാം മിനിറ്റിൽ ഫ്ലിക്ക് രണ്ട് സബ്ബ് നടത്തികൊണ്ട് ടീമിനെ കുറച്ചുകൂടി അറ്റാക്കിങ്ങിലേക്ക് നയിക്കാൻ തീരുമാനിച്ചിരുന്നു. ഈ സീസണിൽ ആദ്യമായി അൻസു ഫാറ്റി ബാഴ്സക്കായി കളത്തിൽ ഇറങ്ങി.
രണ്ടാം പകുതിയിൽ അറ്റാക്ക് ചെയ്ത് കളിച്ച് യങ് ബോയ്സ് ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ലെന്ന് പറയാം. പിന്നീട് 81ാം മിനിറ്റിൽ യങ് ബോയ്സ് നായകൻ മുഹമ്മദ കമാറയുടെ കാലിൽ തട്ടി സെൽഫ് ഗോൾ കൂടി ആയപ്പോൾ ബാഴ്സയുടെ ലീഡ് അഞ്ചെണ്ണമായി.
ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ ബാഴ്സയുടെ ആദ്യ വിജയമാണിത്. മൂന്ന് പോയിന്‍റ് നേടുന്നതിനോടൊപ്പം അഞ്ച് ഗോളിലൂടെ ഗോൾ വ്യത്യാസത്തിൽ മികവ് കാട്ടാനും ബാഴ്സക്ക് സാധിച്ചു. പുതിയ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ ഏറെ പ്രധാനപ്പെട്ടതാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.