22 കളികളിൽ 17ാമതും ക്ലീൻഷീറ്റുമായി അപൂർവം റെക്കോഡിനരികെ നിൽക്കുന്ന ബാഴ്സലോണക്ക് വീണ്ടും ജയം. എതിരില്ലാത്ത രണ്ടു ഗോളിന് കാഡിസിനെ വീഴ്ത്തിയ കറ്റാലൻമാർക്ക് ഇതോടെ രണ്ടാമതുള്ള റയൽ മഡ്രിഡിനെക്കാൾ ലീഡ് എട്ടു പോയിന്റായി.
നിരന്തര വീഴ്ചകളുമായി കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായ ബാഴ്സ ഇത്തവണ ലാ ലിഗ കിരീടവുമായി അതിവേഗം യോഗ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. പ്രതിരോധം കരുത്തുകാട്ടുന്ന പുതിയ സീസണിൽ ഗോളടിക്കാൻ മിടുക്കുപുലർത്തുന്ന മുന്നേറ്റവും ചേർന്നാണ് ബാഴ്സയുടെ കുതിപ്പ്. ഒരു സീസണിൽ ഏറ്റവും കുറച്ച് ഗോളുകൾ വഴങ്ങുന്ന റെക്കോഡും ഇത്തവണ ബാഴ്സ ലക്ഷ്യമിടുന്നുണ്ട്. 1931-32 സീസണിൽ 15 ഗോളുകൾ മാത്രം വഴങ്ങിയ റയൽ മഡ്രിഡിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. അന്നു പക്ഷേ, ലീഗിൽ 18 കളികൾ മാത്രമായിരുന്നു.
ആദ്യ പകുതിയിൽ സെർജിയോ റോബർട്ടോ ആണ് ബാഴ്സയെ മുന്നിലെത്തിച്ചത്. മൂന്നു മിനിറ്റ് കഴിഞ്ഞ് ലെവൻഡോവ്സ്കി മനോഹര ഷോട്ടിൽ പട്ടിക തികച്ചു. ഒരിക്കലൂടെ ഗോളിനരികെയെത്തിയ ലെവൻഡോവ്സ്കിയുടെ ഷോട്ട് ക്രോസ്ബാറിൽ തട്ടി മടങ്ങി.
19 കളികളിലായി ഇതുവരെ 15 ഗോളുകളാണ് ലാ ലിഗയിൽ ലെവൻഡോവ്സ്കിയുടെ സമ്പാദ്യം. ശനിയാഴ്ചത്തെ മത്സരത്തിൽ റയൽ മഡ്രിഡ് എതിരില്ലാത്ത രണ്ടു ഗോളിന് ഒസാസുനയെ വീഴ്ത്തിയിരുന്നു. തുടർച്ചയായ ഏഴാം തവണയാണ് ലാ ലിഗയിൽ റയൽ മഡ്രിഡ് ജയിക്കുന്നത്. 13 കളികളിൽ തോൽവിയറിഞ്ഞിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.