യൂറോപ്പിൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിൽ ജർമനി, സ്പെയിൻ, പോളണ്ട്, ബെൽജിയം ടീമുകൾക്ക് വമ്പൻ ജയം. അർമേനിയയെ 6-0ത്തിന് ഗോളിൽ മുക്കിയാണ് ജർമനി ജയം ആഘോഷിച്ചത്. സ്പെയിൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് ജോർജിയയെ തകർത്തു.
ജർമനിക്കായി സെർജ് നാബ്രി (6, 15) ഇരട്ടഗോൾ നേടി. മാർകോ റീയസ് (35), തിമോ വെർണർ (44), ജൊനാസ് ഹോഫ്മാൻ (52), കരിം അഡിയാമി (90) എന്നിവരാണ് ജർമനിയുടെ മറ്റ് സ്കോറർമാർ. ഗ്രൂപ്പ് ജെയിലെ മറ്റൊരു മത്സരത്തിൽ റൊമാനിയ ലിക്റ്റൻസ്റ്റെനിനെ 2-0ത്തിന് തോൽപിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്ന് 12 പോയിന്‍റുമായി ജർമനി ഗ്രൂപ്പിൽ ഒന്നാമതെത്തി. 10 പോയിന്‍റുമായി അർമേനിയ രണ്ടാമതാണ്.
കഴിഞ്ഞ ദിവസം സ്വീഡനിൽ നിന്നേറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു സ്പെയിൻ. ഹോസെ ഗയ, കാർലോസ് സോളർ, ഫെറാൻ ടോറസ്, പാബ്ലോ സറാബിയ എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടു. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ കൊസോവോയും ഗ്രീസും 1-1ന് സമനിലയിൽ പിരിഞ്ഞു.
അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്‍റുമായി സ്പെയിൻ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. രണ്ട് മത്സരങ്ങൾ കുറച്ച് കളിച്ച സ്വീഡൻ ഒമ്പത് പോയിന്‍റുമായി രണ്ടാമതുണ്ട്.
ഗ്രൂപ്പ് ഇയിൽ ബെൽജിയം കരുത്തരായ ചെക്ക് റിപബ്ലിക്കിനെ 3-0ത്തിന് തോൽപിച്ചു. റൊമേലു ലുക്കാക്കു (8), ഏഡൻ ഹസാഡ് (41), അലക്സിസ് (65) എന്നിവരാണ് ബെൽജിയത്തിനായി വലകുലുക്കിയത്. ബെൽജിയം ജഴ്സിയിലെ 100ാം മത്സരത്തിലാണ് ലുക്കാക്കു സ്കോർ ചെയ്തത്. താരത്തിന്‍റെ 67ാം ഗോളായിരുന്നു അത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുമായി ഗ്രൂപ്പ് ഇയിൽ ബെൽജിയം ബഹുദൂരം മുന്നിലെത്തി. ഏഴ് പോയിന്‍റുമായി ചെക്കാണ് രണ്ടാമത്.
തുടർച്ചയായ 36 മത്സരങ്ങളിൽ പരാജയം അറിയാതെ ഇറ്റലി ലോക റെക്കോർഡ് നേട്ടത്തിൽ ബ്രസീൽ, സ്പെയിൻ ടീമുകളെ പിന്തള്ളി. ഗ്രൂപ്പ് സിയിൽ സ്വിറ്റ്സർലൻഡാണ് യൂറോപ്യൻ ചാമ്പ്യൻമാരെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഇറ്റാലിയൻ താരം ജോർജീന്യോ പെനാൽറ്റി പാഴാക്കി. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇറ്റലിയുടെ തുടർച്ചയായ രണ്ടാം സമനിലയാണിത്. അഞ്ച് മത്സരത്തിൽ നിന്ന് 11 പോയിന്‍റുമായി ഇറ്റലി തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. മൂന്ന് കളികളിൽ നിന്ന് ഏഴ് പോയിന്‍റുമായി സ്വിറ്റ്സർലൻഡ് രണ്ടാമതാണ്.
ഗ്രൂപ്പ് ഐയിൽ പോളണ്ട് സാൻ മറീനോയെ 7-1ന് തകർത്തു. ആദം ബുക്സ ഹാട്രിക് നേടിയ മത്സരത്തിൽ റോബർട്ട് ലെവഡോസ്കി ഇരട്ടഗോളുകളും ആയി തിളങ്ങി. കരോൾ സ്വിഡ്റസ്കി, കരോൾ ലിനറ്റി എന്നിവരാണ് പോളണ്ടിന്‍റെ മറ്റു സ്കോറർമാർ. ഇംഗ്ലണ്ട് (അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റ്) മുമ്പൻമാരായ ഗ്രൂപ്പിൽ പോളണ്ട് രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.