വാസ്കോ: ഐ.എസ്.എല്ലിൽ ഹാട്രിക് ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കരുത്തരായ ജാംഷഡ്പൂർ എഫ്.സിയോടാണ് ബ്ലാസ്റ്റേഴ്സ് 1-1 സമനില നേടിയത്. എട്ടു കളികളിൽ 13 പോയന്‍റ് വീതമുള്ള ജാംഷഡ്പൂരും ബ്ലാസ്റ്റേഴ്സും രണ്ടും മൂന്നും സ്ഥാനത്തേക്ക് കയറി.
ഗോൾശരാശരി തുല്യമാണെങ്കിലും അടിച്ച ഗോളുകളിലെ നേരിയ മുൻതൂക്കമാണ് ജാംഷഡ്പൂരിന് രണ്ടാം സ്ഥാനം നൽകിയത്. ഏഴു മത്സരങ്ങളിൽ 15 പോയന്‍റുള്ള നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് മുന്നിൽ.
14ാം മിനിറ്റിൽ ഗ്രെഗ് സ്റ്റുവാർട്ടിന്‍റെ മനോഹരമായ ഫ്രീകിക്ക് ഗോളിൽ മുന്നിൽ കടന്ന ജാംഷഡ്പൂരിനെ മലയാളി താരം സഹൽ അബ്ദുസ്സമദാണ് ടൂർണമെന്റിലെ നാലാം ഗോളുമായി 27ാം മിനിറ്റിൽ തളച്ചത്. സ്പാനിഷ് താരം അൽവാരോ വസ്ക്വസിന്‍റെ ഒറ്റക്കുള്ള മുന്നേറ്റത്തിൽനിന്നുള്ള ഷോട്ട് ജാംഷഡ്പൂരിന്റെ മലയാളി ഗോൾകീപ്പർ ടി.പി. രഹ്നേഷ് തടുത്തിട്ടത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു സഹൽ.
മുംബൈക്കും ചെന്നൈയിനുമെതിരായ 3-0 വിജയങ്ങളിലെ താളവും ഒഴുക്കും നിലനിർത്താനാവാതെ പോയ ബ്ലാസ്റ്റേഴ്സിന് അതിനാൽ തന്നെ കാര്യമായ ഗോളവസരങ്ങൾ സൃഷ്ട്ടിക്കാനായതുമില്ല. അതിന് ജാംഷഡ്പൂർ ബ്ലാസ്റ്റേഴ്സിനെ അനുവദിച്ചില്ലെന്ന് പറയുന്നതാവും ശരി.
കഴിഞ്ഞ കളികളിൽ കേരള നിര പുറത്തെടുത്ത ഹൈപ്രസിങ് ഗെയിം അതേനാണയത്തിൽ എതിരാളികളും നടപ്പാക്കിയപ്പോൾ ഇവാൻ വുകോമാനോവിചിന്‍റെ ടീം വിയർത്തു. എന്നാൽ, അതിനിടയിലും സമനില ഗോൾ സ്കോർ ചെയ്യുകയും എതിരാളികളെ പിന്നീട് ഗോളടിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്ത് ബ്ലാസ്റ്റേഴ്സ് കരുത്തുകാട്ടി.
അതിനിടെ, ബോക്സിൽ ജാംഷഡ്പൂർ ഡിഫൻഡറുടെ കൈയിൽ പന്ത് തട്ടിയതിനുള്ള അർഹമായ പെനാൽറ്റി റഫറി അനുവദിച്ചതുമില്ല. അടുത്ത ഞായറാഴ്ച എഫ്.സി ഗോവക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.