ഭുവനേശ്വർ: ഐ.എസ്.എൽ പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സ്-ഒഡിഷ എഫ്.സി മത്സരം അധികസമയത്തേക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു.
ബ്ലാസ്റ്റേഴ്സിനായി ഫെദോർ സെർനിച്ചും ഒഡിഷക്കായി ഡീഗോ മൗറീഷ്യോയും വലകുലുക്കി. ജയിക്കുന്നവർ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി സെമിയിൽ ഏറ്റുമുട്ടും. അക്രമണ, പ്രത്യാക്രമണങ്ങളുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതിയിലാണ് മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. 67ാം മിനിറ്റിൽ ഫെദോർ സെർനിച്ചിലൂടെ ബ്ലാസ്റ്റേഴ്സാണ് ആദ്യം ലീഡെടുത്തത്.
മുഹമ്മദ് അയ്മന്‍റെ അസിസ്റ്റിൽനിന്നാണ് താരം ഗോൾ നേടിയത്. നിശ്ചിത സമയം തീരാൻ മൂന്നു മിനിറ്റ് ബാക്കി നിൽക്കെ ഡീഗോ മൗറീഷ്യോയുടെ ഗോളിലൂടെ ഒഡിഷ സമനില പിടിച്ചു. റോയ് കൃഷ്ണ ബോക്സിന്‍റെ വലതു പാർശ്വത്തിൽനിന്ന് നൽകിയ ക്രോസിന് മൗറീഷ്യോക്ക് കാല് വെച്ചുകൊടുക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. 81ാം മിനിറ്റിൽ സെർനിച്ചിന് പകരക്കാരനായി അഡ്രിയാൻ ലൂണ കളത്തിലിറങ്ങി.
മത്സരത്തിന്‍റെ 23ാം മിനിറ്റിൽ മൊർത്താദ ഫാൾ ഒഡിഷക്കായി വലകുലുക്കിയെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓഫ്സൈഡിനായി റഫറിയോട് വാദിച്ചു. ലൈൻ റഫറിയുമായി സംസാരിച്ചതിനൊടുവിൽ റഫറി ഓഫ്സൈഡ് അനുവദിക്കുകയായിരുന്നു. അയ്മന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്‍റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. റോയ് കൃഷ്ണയെ കേന്ദ്രീകരിച്ചായിരുന്നു ഒഡീഷയുടെ മുന്നേറ്റങ്ങൾ. നാലാം മിനിറ്റിൽ തന്നെ സെർണിചിന്റെ മികച്ച ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയിരുന്നു. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ് ലൂണ ടീമിൽ മടങ്ങിയെത്തുന്നത്. പരിക്കേറ്റ ദിമത്രിയോസ് ഡയമന്റകോസ് ടീമിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.