ഭുവനേശ്വർ: ഐ.എസ്.എൽ പ്ലേഓഫിൽ കേരള ബ്ലാസ്റ്റേഴ്സ്-ഒഡിഷ എഫ്.സി മത്സരം ആദ്യപകുതി പിന്നിടുമ്പോൾ ഗോൾരഹിതം. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സും ഒഡിഷയും മികച്ച നീക്കങ്ങൾ നടത്തിയെങ്കിലു ആക്രമണങ്ങൾക്ക് മൂർച്ചയില്ലായിരുന്നു. മത്സരത്തിന്‍റെ 23ാം മിനിറ്റിൽ മൊർത്താദ ഫാൾ ഒഡിഷക്കായി വലകുലുക്കിയെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഓഫ്സൈഡിനായി റഫറിയോട് വാദിച്ചു. ലൈൻ റഫറിയുമായി സംസാരിച്ചതിനൊടുവിൽ റഫറി ഓഫ്സൈഡ് അനുവദിക്കുകയായിരുന്നു.
സൂപ്പർതാരം അഡ്രിയാൻ ലൂണ ടീമിലിടം നേടി. പകരക്കാരുടെ ബെഞ്ചിലാണ് താരമുള്ളത്. പരിക്കേറ്റ് ആറു മാസത്തോളം പുറത്തിരുന്നശേഷമാണ് ലൂണ ടീമിൽ മടങ്ങിയെത്തുന്നത്. ലൂണയുടെ സാന്നിധ്യം ടീമിന് വലിയ ആത്മവിശ്വാസം നൽകും. പരിക്കേറ്റ ദിമത്രിയോസ് ഡയമന്റകോസ് ടീമിലില്ല. മത്സരത്തിൽ ജയിക്കുന്നവർ നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സുമായി സെമിയിൽ ഏറ്റുമുട്ടും. മുഹമ്മദ് അയ്മനാണ് ടീമിലെ സ്ട്രൈക്കർ. മലയാളി താരം രാഹുലും പകരക്കാരുടെ ബെഞ്ചിലാണ്. പകരക്കാരനായി രണ്ടാം പകുതിയിൽ ലൂണ കളിക്കുമെന്ന് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പ്രബീർദാസും ടീമിന് പുറത്താണ്.
ബ്ലാസ്റ്റേഴ്സ് പ്ലേയിങ് ഇലവൻ: ലാറ ശർമ (ഗോൾകീപ്പർ), സന്ദീപ് സിങ്, ലെസ്കോവിച്ച്, മിലോസ് ഡ്രിൻസിച്, ഹോർമിപാം, ഡെയ്സുകെ സകായ്, ഫ്രെഡ്ഡി, വിപിൻ മോഹനൻ, മുഹമ്മദ് അയ്മൻ, സൗരവ് മണ്ഡൽ, ഫോദോർ സെർനിച്.
സബ്: കരൺജീത്ത്, പ്രീതം, മുഹമ്മദ് അസ്ഹർ, ഡാനിഷ്, ജീക്സൺ, രാഹുൽ, നിഹാൽ, ലൂണ, ഇഷാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.