ലണ്ടൻ: പോയിൻറ് പട്ടികയിൽ അവസാനക്കാർക്കെതിരെ സ്വന്തം കളിമുറ്റത്ത് നേടുന്ന അനായാസ ജയവുമായി മൂന്നു പോയിൻറ് മതിയായിരുന്നു പ്രിമിയർ ലീഗിൽ സിറ്റിക്കു മുമ്പിൽ കൈവിട്ട ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ. പക്ഷേ, ആർത്തിരമ്പുന്ന കാണികളില്ലാത്ത ഓൾഡ് ട്രാഫോഡിൽ ഷെഫീൽഡ് യുനൈറ്റഡെന്ന ഇത്തിരിക്കുഞ്ഞന്മാർക്ക് മുന്നിൽ കവാത്തു മറന്നവർ ജയം കൈവിട്ടു. 'േബ്ലഡ്സ്' എന്നു വിളിപ്പേരുള്ള ഷെഫീൽഡിെൻറ സ്വപ്ന ജയം 2-1ന്.
കളിയേറെ പുരോഗമിച്ച ലീഗിൽ ഒരു ജയം മാത്രം കൈയിലുണ്ടായിരുന്ന സന്ദർശകർ ഇനിയും തോൽക്കാൻ മനസ്സില്ലാതെയായിരുന്നു മാഞ്ചസ്റ്ററിലേക്ക് വണ്ടികയറിയത്. സോൾഷ്യർ സംഘമാകട്ടെ, ഒന്നും പിഴക്കില്ലെന്ന വിശ്വാസത്തിലും. ആദ്യ നിമിഷങ്ങളിൽ തന്നെ വരാനിരിക്കുന്നതിെൻറ സൂചനകൾ മൈതാനത്തുകണ്ടു. കളിമറന്ന് ഉഴറിയ മുന്നേറ്റവും ചെറുത്തുനിൽക്കാൻ അറിയാതെ ഓടിനടന്ന പ്രതിരോധവുമായി യുനൈറ്റഡ് ശരിക്കും വിയർത്തപ്പോൾ മറുവശത്ത് 23ാം മിനിറ്റിൽ ഗോൾ നേടി കീൻ ബ്രിയൻ ഷെഫീൽഡിനെ മുന്നിലെത്തിച്ചു.
ഇതോടെ ഉണർന്ന ആതിഥേയർ തിരിച്ചുവീട്ടാൻ നടത്തിയ ആദ്യ ശ്രമം പക്ഷേ, റഫറിയുടെ ഫൗൾ വിസിലിൽ മുങ്ങി. ആൻറണി മാർഷ്യൽ ലക്ഷ്യത്തിലെത്തിച്ചെങ്കിലും തൊട്ടുമുമ്പ് ഹാരി മഗ്വയർ എതിർനിരയിലെ ആരോൺ രാംസ്ഡെയിലിനെ ഫൗൾ ചെയ്തതിന് റഫറി വിസിൽ മുഴക്കിയിരുന്നു.
ഒരു ഗോൾ ലീഡുമായി ഒന്നാം പകുതി പിരിഞ്ഞ സന്ദർശകരെ ഞെട്ടിച്ച് 64ാം മിനിറ്റിൽ മഗ്വയർ തന്നെ ലക്ഷ്യം കണ്ടു. ഹെഡറിലൂടെയായിരുന്നു യുനൈറ്റഡ് നായകെൻറ ഗോൾ. എന്നാൽ കളി അവസാനിക്കാൻ കാൽമണിക്കൂർ ശേഷിക്കെ ഷെഫീൽഡ് ലീഡ് പിടിച്ചു. 74ാം മിനിറ്റിൽ ബർക്കായിരുന്നു വല കുലുക്കിയത്.
സീസണിൽ പല തവണ ആദ്യം ഗോൾവഴങ്ങിയിട്ടും ജയവുമായി മടങ്ങിയ യുനൈറ്റഡ് ഷെഫീൽഡിനെതിരെ ആദ്യ ഗോൾ വഴങ്ങിയപ്പോഴും അതുതന്നെ പ്രതീക്ഷിച്ചിട്ടുണ്ടാകണം. പക്ഷേ, 13 കളികളിൽ ആദ്യ തോൽവി വഴങ്ങാനായിരുന്നു വിധി. ഓൾഡ് ട്രാഫോഡിൽ യുനൈറ്റഡ് ഈ സീസണിൽ വഴങ്ങുന്ന നാലാം തോൽവിയെന്ന സവിശേഷതയും ഇതിനുണ്ട്. ജയിച്ചെങ്കിലും ഷെഫീൽഡ് തന്നെയാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്ത്- എട്ടു പോയിൻറ് മാത്രമാണ് ടീമിെൻറ സമ്പാദ്യം. മറുവശത്ത് മാഞ്ചസ്റ്റർ സിറ്റി 41 പോയിൻറുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഒരു പോയിൻറ ്മാത്രം പിറകിൽ രണ്ടാമതുണ്ട്, യുനൈറ്റഡ്. ലെസ്റ്റർ, വെസ്റ്റ് ഹാം എന്നിവക്കു പിറകിൽ അഞ്ചാമതാണ് നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.