ഫുട്ബാളിൽ തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ആദ്യപകുതിയിൽ മൂന്നു ഗോളിന് പിന്നിൽനിന്നശേഷം രണ്ടാം പകുതിയിൽ നാലു ഗോളുകൾ തിരിച്ചടിച്ച് മാസ്സ് തിരിച്ചുവരവ് നടത്തുക. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലൂട്ടൗൺ ടൗണിനെതിരെ എ.എഫ്.സി ബേൺമൗത്താണ് ലീഗിലെ ഗംഭീര തിരിച്ചുവരവ് മത്സരങ്ങളിലൊന്നിൽ ജയം പിടിച്ചെടുത്തത്.
മത്സരം തുടങ്ങി ഒമ്പതാം മിനിറ്റിൽ തന്നെ ഡച്ച് താരം താഹിത് ചോങ്ങിലൂടെ ലൂട്ടൺ ലീഡെടുത്തു. പിന്നാലെ ചിഡോസി ഒഗ്ബെനെയും (31ാം മിനിറ്റിൽ) റോസ് ബാർക്ക്ലിയും (41+1) വലകുലുക്കി. ഇടവേളക്കു പിരിയുമ്പോൾ ലൂട്ടൺ 3-0ത്തിന് മുന്നിൽ. പരാജയം ഏറെക്കുറെ ഉറപ്പിച്ചിരിക്കെയാണ് രണ്ടാം പകുതിയിൽ ബേൺമൗത്ത് ഗംഭീര തിരിച്ചുവരവ് നടത്തി ഫുട്ബാൾ ലോകത്തെ ഞെട്ടിക്കുന്നത്. 50ാം മിനിറ്റിൽ ഡൊമിനിക് സോളങ്കെ ബേൺമൗത്തിനായി ആദ്യ ഗോൾ മടക്കി. പിന്നാലെ ഇല്ലിയ സബർണിയും (62ാം മിനിറ്റിൽ) അന്‍റോയിൻ സെമെൻയോയും (64, 83 മിനിറ്റുകളിൽ) ഗോൾ മടക്കുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനെ ലൂട്ടൺ താരങ്ങൾക്കും ആരാധകർക്കും കഴിഞ്ഞുള്ളു.
ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിൽനിന്ന് രക്ഷപ്പെടാനുള്ള അവസരം കൂടിയാണ് ലൂട്ടൺ നഷ്ടപ്പെടുത്തിയത്. ജയിച്ച മത്സരം കൈവിട്ടതിലൂടെ ലീഗിൽ 21 പോയന്‍റുമായി 18ാം സ്ഥാനത്ത് തന്നെ തുടരുകയാണ്. തൊട്ടുമുന്നിലുള്ള നോട്ടിങ്ഹാം ഫോറസ്റ്റിന് 24 പോയന്‍റാണുള്ളത്. 28 മത്സരങ്ങളിൽനിന്ന് 35 പോയന്‍റുമായി 13ാം സ്ഥാനത്താണ് ബേൺമൗത്ത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ മൂന്നു ഗോളിനു പിന്നിൽനിന്നശേഷം ജയം പിടിച്ചെടുക്കുന്ന അഞ്ചാമത്തെ മാത്രം ടീമാണ് ബേൺമൗത്ത്. ആദ്യ പകുതിയിൽ മൂന്നു ഗോളിന് പിന്നിൽപോയശേഷം മത്സരം ജയിക്കുന്ന മൂന്നാമത്തെ ടീമും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.