ബാഴ്സലോണ: ചരിത്രത്തിലാദ്യമായി കറുത്ത ജഴ്സിയണിഞ്ഞ് ബ്രസീൽ ഫുട്ബാൾ ടീം. വർണവെറിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ഗിനിക്കെതിരെ ബാഴ്സലോണയിൽ നടന്ന സൗഹൃദ മത്സരത്തിലാണ് താരങ്ങൾ കറുപ്പ് കുപ്പായത്തിലെത്തിയത്. ബ്രസീലിന്റെയും റയൽ മഡ്രിഡിന്റെയും സ്റ്റാർ സ്ട്രൈക്കറായ വിനീഷ്യസ് ജൂനിയർ സ്പെയിനിൽ നിരന്തരം വംശീയാധിക്ഷേപത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മത്സരങ്ങൾ. രണ്ടാം പകുതിയിൽ കാനറികൾ മഞ്ഞ ജഴ്സിയിലേക്ക് മാറി. വിനീഷ്യസിന്റെ പെനാൽറ്റി ഗോളടക്കം 4-1ന് ബ്രസീൽ കളി ജയിച്ചു.
എസ്പാനിയോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് മുന്നോടിയായി ''വംശീയാധിക്ഷേപമുള്ളിടത്ത് കളിയില്ല'' എന്നർഥം വരുന്ന ബാനറിന് മുന്നിൽ ഫോട്ടോക്ക് പോസ് ചെയ്തു ബ്രസീലും ഗിനിയും. ഇതിനിടെ സ്റ്റേഡിയത്തിൽവെച്ച് വീനിഷ്യസിന്റെ ഉപദേശകനും സുഹൃത്തുമായ ഫെലിപ് സിൽവേരക്ക് നേരെയും വംശീയാധിക്ഷേപമുണ്ടായതായി ബ്രസീലിയൻ ഫുട്ബാൾ കോൺഫെഡറേഷൻ അറിയിച്ചു. ''ലോകത്ത് നിന്ന് തുടച്ചുനീക്കേണ്ട കുറ്റകൃത്യമായ വംശീയാധിക്ഷേപത്തിനെതിരായ പോരാട്ടത്തിനാണ് ഞങ്ങളിവിടെ എത്തിയത്. എന്നാൽ, മറ്റൊരു കുറ്റവാളി കൂടി പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടു''-കോൺഫെഡറേഷൻ പ്രസിഡന്റ് എഡ്നാൾഡോ റോഡ്രിഗസ് പറഞ്ഞു. വർണവെറിക്കെതിരെ ഫിഫ രൂപവത്കരിച്ച ദൗത്യസേനയിൽ ചേരുമെന്ന് വിനീഷ്യസ് വ്യക്തമാക്കിയിട്ടുണ്ട്. കാമ്പയിന്റെ ഭാഗമായി പോർചുഗലിലെ ലിസ്ബണിൽ ചൊവ്വാഴ്ച ബ്രസീൽ-സെനഗാൾ മത്സരം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.