മൂന്നു ലോകകപ്പ് നേട്ടവുമായി ബ്രസീൽ യുൾറിമേ കപ്പ് എന്നെന്നേക്കുമായി സ്വന്തമാക്കിയത് ഒരു വ്യാഴവട്ടത്തിൻെറ ഇടവേളയിലായിരുന്നു. എന്നാൽ പിന്നീടുള്ള രണ്ടു വ്യാഴവട്ടം കിരീട വരൾച്ചയുടെ കാലമായിരുന്നു സെലസാവോകൾക്ക്. 1958, 62, 70 ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കി ഫുട്ബാൾ ലോകത്തെ രാജാക്കന്മാരായി മാറിയ ബ്രസീലിന് അടുത്ത കിരീടനേട്ടത്തിനായി 1994 വരെ കാത്തിരിക്കേണ്ടിവന്നു.
പെലെയുടെ ഗാരിഞ്ചയുടെയും ദീദിയുടെയും വാവയുടെയും മാരിയോ സഗാലോയും ജഴ്സിന്യോയുടെയുമൊക്കെ കിരീട കാലശേഷം സീക്കോയുടെയും സോക്രട്ടീസിൻെറയും കിരീട വരൾച്ചാകാലം. അതിന് അറുതിയിട്ടത് ദുംഗയുടെയും റൊമാരിയോയുടെയും ബെബറ്റോയുടെയും കാലമായിരുന്നു.
യു.എസിലെ അത്ഭുതക്കപ്പ്
യു.എസ്.എ ആദ്യമായി ആതിഥ്യം വഹിച്ച ലോകകപ്പായിരുന്നു 1994ലേത്. ഫുട്ബാളിന് കാര്യമായ വേരോട്ടമില്ലാത്ത യു.എസിന് ലോകകപ്പ് അനുവദിക്കുമ്പോൾ ഫിഫ ആശങ്കയിലായിരുന്നു. കാൽപന്തുകളിയെക്കാളേറെ ബാസ്കറ്റ്ബാളും ബോക്സിങ്ങുമൊക്കെ നിറഞ്ഞുനിക്കുന്ന അമേരിക്കയിൽ ഫുട്ബാൾ തന്നെ വേറെയായിരുന്നു (റഗ്ബിയോട് സമാനമായ അമേരിക്കൻ ഫുട്ബാൾ). അവിടെ സോക്കറിന് (ബാക്കിയുള്ളവരുടെ ഫുട്ബാൾ) വലിയ പ്രാധാന്യമില്ലാത്തതിനാൽ ലോകകപ്പ് പരാജയമാവുമെന്ന ഫിഫയുടെ ആശങ്കകൾ കാറ്റിൽപറത്തുന്നതായിരുന്നു 'യു.എസ്.എ 1994'ൻെറ വിജയം.
കാണികളുടെ കാര്യത്തിൽ അതുവരെയുള്ള ലോകകപ്പുകളെയെല്ലാം കടത്തിവെട്ടിയ ടൂർണമെൻറ്. ആകെ കളി കണ്ടവർ 35,97,042 പേർ. ഒരു കളിക്ക് ശരാശരി 69,174 കാണികൾ. 2018 ലോകകപ്പ് വരെ ഈ റെക്കോഡ് തകർക്കപ്പെടാതെ നിലനിന്നു. സാമ്പത്തികമായും വൻ വിജയമായിരുന്നു ടൂർണമെൻറ്.യു.എസിൻെറ വിവിധ ഭാഗങ്ങളിലെ ഒമ്പത് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് അരങ്ങേറിയത്. 52 മത്സരങ്ങളിൽ പിറന്നത് 141 ഗോളുകൾ. ഒരു മത്സരത്തിൽ ശരാശരി 2.71 ഗോൾ.മൂന്നു നവാഗത ടീമുകളാണ് യു.എസ് ലോകകപ്പിൽ മാറ്റുരച്ചത്-ഗ്രീസ്, നൈജീരിയ, സൗദി അറേബ്യ എന്നിവ.
സോവിയറ്റ് യൂനിയൻെറ തകർച്ചക്കുശേഷം റഷ്യ ആദ്യമായി ഒറ്റക്ക് ലോകകപ്പിനെത്തി. അതേസമയം, പശ്ചിമ, പൂർവ ഭാഗങ്ങൾ ഒന്നായശേഷം ജർമനി ആദ്യമായി ലോകകപ്പിനെത്തിയതും യു.എസിലായിരുന്നു. ജയത്തിന് രണ്ടിനുപകരം മൂന്നു പോയൻറ് ആദ്യമായി നൽകിയതും ബാക്ക് പാസ് നിയമം ആദ്യമായി നടപ്പാക്കിയതും ഈ ലോകകപ്പിലായിരുന്നു. പ്രതിരോധാത്മക ബോറൻ ഫുട്ബാളെന്ന് പഴികേട്ട 1990 ലോകകപ്പിൻെറ ചീത്തപ്പേര് മായ്ക്കാനുള്ള ഫിഫയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ രണ്ടു മാറ്റങ്ങളും.
കാലിഫോർണിയ പാദസേനയിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ നടന്ന ബ്രസീൽ-ഇറ്റലി ഫൈനൽ ലോകകപ്പിൻെറ ചരിത്രത്തിൽ ആദ്യമായി ഷൂട്ടൗട്ടിലേക്ക് നീണ്ട കലാശപ്പോരായിരുന്നു. ഗോൾരഹിതമായി അവസാനിച്ച കളിയിൽ ഷൂട്ടൗട്ടിൽ 3-2 വിജയവുമായി ദുംഗയുടെ ടീം കപ്പുയർത്തി. അവസാന പെനാൽറ്റി പാഴാക്കി തലകുമ്പിട്ടുനിൽക്കുന്ന ഇറ്റലിയുടെ ഗോൾഡൻ ബോയ് റോബർട്ടോ ബാജിയോയുടെയും മൈതാനത്ത് ആഘോഷിക്കുന്ന ബ്രസീൽ ഗോളി േക്ലാഡിയോ ടഫറേലിൻെറയും ഒറ്റഫ്രെയിമിലെ ചിത്രം ഫൈനലിൻെറ പരിഛേദമായി കാൽപന്തുപ്രേമികളുടെ മനസ്സിൽ ഏറെക്കാലം പതിഞ്ഞുകിടന്നിരുന്നു.
അപ്രതീക്ഷിതമായി സെമിയിലെത്തിയ രണ്ടു ടീമുകളെ തോൽപിച്ചായിരുന്നു ബ്രസീലിന്റെയും ഇറ്റലിയുടെയും ഫൈനൽ പ്രവേശനം. സ്വീഡനാണ് ബ്രസീലിനുമുന്നിൽ 1-0ത്തിന് വീണത്. ഗോൾ നേടിയത് സൂപ്പർ താരം റൊമാരിയോ. ബൾഗേറിയയായിരുന്നു ഇറ്റലിക്കുമുന്നിൽ 2-1ന് മുട്ടുകുത്തിയത്. രണ്ടു ഗോളുകളും സൂപ്പർ താരം ബാജിയോയുടെ വക.
ക്വാർട്ടറിൽ ബൾഗേറിയയുടെ 2-1 അട്ടിമറിയിൽ നിലവിലെ ജേതാക്കളായ ജർമനിയെ അട്ടിമറിച്ചു. ഇറ്റലി 2-1ന് സ്പെയിനിനെ തോൽപിച്ചു. സ്വീഡൻ ഷൂട്ടൗട്ടിൽ റുമേനിയയെ കീഴടക്കി. ബ്രസീൽ 3-2ന് നെതർലൻഡ്സിനെ തോൽപിച്ച മത്സരമായിരുന്നു ക്വാർട്ടറിലെ സൂപ്പർ പോരാട്ടം. റൊമാരിയോയുടെയും ബെബറ്റോയുടെയും ബ്രസീൽ ഗോളുകൾക്ക് ഡെന്നിസ് ബെർഗ്കാംപിലൂടെയും ആരോൺ വിന്ററിലൂടെയും ഡച്ച് മറുപടി. ഒടുവിൽ ബ്രാങ്കോയുടെ ഫ്രീകിക്ക് ഗോളിൽ ബ്രസീലിൻെറ വിജയം.
റൊമാരിയോ ആണ് ലോകകപ്പിൻെറ താരമായി സുവർണ പന്ത് കരസ്ഥമാക്കിയത്. ബൾഗേറിയയുടെ ഹിസ്റ്റോ സ്റ്റോയ്ച് കോവും റഷ്യയുടെ ഒലെഗ് സാലെങ്കോയും ആറു ഗോൾ വീതം നേടി ടോപ്സ്കോറർമാരായി സുവർണപാദുകം പങ്കിട്ടു. നെതർലൻഡ്സിന്റെ മാർക് ഓവർമാസായിരുന്നു മികച്ച യുവതാരം. ബെൽജിയത്തിന്റെ മൈക്കൽ പ്രൂഡ്ഹോം മികച്ച ഗോളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.