ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ അവസാന ലാപ്പിൽ കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. 10 പേരുമായി കളിച്ച സിറ്റിയെ രണ്ടാം പകുതിയിൽ നേടിയ മൂന്ന് ഗോളുകളുടെ മികവിൽ ബ്രൈറ്റൻ 3-2ന് തോൽപിച്ചു. ലെസ്റ്റർ സിറ്റിയെ 2-1ന് മറികടന്ന് ചെൽസി ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ഫുൾഹാം 1-1ന് സമനിലയിൽ കുരുക്കി.
ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം സ്വന്തം മൈതാനത്തിൽ മടങ്ങിയെത്തിയ ആരാധകർക്ക് അക്ഷരാർഥത്തിൽ വിരുന്നൊരുക്കുകയായിരുന്നു ത്രില്ലിങ് മാച്ചിലൂടെ ബ്രൈറ്റൺ. രണ്ടുഗോളിന് മുന്നിട്ടുനിന്ന ശേഷമായിരുന്നു സിറ്റി ബ്രൈറ്റണു മുന്നിൽ അടിയറവ് പറഞ്ഞത്. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ ഇൽകായ് ഗുണ്ടോഗൻ സിറ്റിക്കായി അക്കൗണ്ട് തുറന്നു. റിയാദ് മെഹറസാണ് ഹെഡ്ഡറിന് വഴിയൊരുക്കിയത്.
എന്നാൽ 10ാം മിനിറ്റിൽ എതിർ ടീം കളിക്കാരനെ ടാക്കിൾ ചെയ്ത് വീഴ്ത്തിയതിന് ജോ കാൻസലോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുേമ്പാൾ സിറ്റി ഒരുഗോളിന് മുന്നിലായിരുന്നു.
48ാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. 50ാം മിനിറ്റിൽ ലിയാണ്ട്രോ ട്രൊസാഡാണ് ബ്രൈറ്റണിനായി ആദ്യം വെടിപൊട്ടിച്ചത്. റോഡ്രിയുടെ പിഴവിൽ നിന്നായിരുന്നു ബ്രൈറ്റന്റെ ആദ്യ ഗോൾ. റോഡ്രിയുടെ പാസ് കൈയ്യടക്കിയ ട്രൊസാഡ് സിറ്റി പ്രതിരോധ നിരയെ തകർത്ത് കൊണ്ട് പന്ത് വലയിലാക്കി. 72ാം മിനിറ്റിൽ വെബ്സ്റ്റർ ഹെഡറിലൂടെ ആതിഥേയരെ ഒപ്പമെത്തിച്ചു. 76ാം മിനിറ്റിൽ കന്നി ഗോളിലൂടെ ബേൺ ബ്രൈറ്റണിന് മിന്നുന്ന ജയം സമ്മാനിക്കുകയായിരുന്നു.
ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തുന്നതിനൊപ്പം എഫ്.എ കപ്പ് ഫൈനലിലേറ്റ തോൽവിക്ക് കണക്കു വീട്ടുകയായിരുന്നു ചെൽസി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ലെസ്റ്ററിനെ തോൽപിച്ചത്. ആദ്യ പകുതിയിൽ ചെൽസിയുടെ മുന്നേറ്റത്തിനാണ് മത്സരം സാക്ഷ്യം വഹിച്ചത്. 35ാം മിനിറ്റിൽ തിമോ വെർണർ പന്ത് വലയിലാക്കിയെങ്കിലും വാറിലൂടെ ഗോൾ നഷ്ടമായി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
47ാം മിനിറ്റിൽ അേന്റാണിയോ റൂഡിഗറാണ് ചെൽസിയെ മുന്നിലെത്തിച്ചത്. 65ാം മിനിറ്റിൽ വെർണറിനെ ബോക്സിൽ വീഴ്ത്തിയതിന് ചെൽസിക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ജോർജീന്യോക്ക് പിഴച്ചില്ല, ചെൽസിക്ക് ലീഡ്.
76ാം മിനിറ്റിൽ ഇഹിനാചോ ലെസ്റ്ററിനായി ആശ്വാസഗോൾ നേടി. ജയത്തോടെ ലെസ്റ്ററിനെ പിന്തള്ളി ചെൽസി പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ ബേൺലിക്കെതിരെ ലിവർപൂൾ ജയിച്ചാൽ ലെസ്റ്റർ അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങും.
ഒരു വർഷത്തെ ഇടവേളക്ക് ശേഷം ഓൾഡ്ട്രാഫോഡിൽ കളികാണാനെത്തിയ സന്തോഷത്തിലായിരുന്നു മാഞ്ചസ്റ്റർ യുനൈറ്റഡ് ആരാധകർ. അവരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നതായിരുന്നു എഡിൻസൺ കവാനിയുടെ വണ്ടർ ഗോൾ. എന്നാൽ രണ്ടാം പകുതിയിൽ ഹെഡ്ഡറിലൂടെ ജോ ബ്രയൻ യുനൈറ്റഡിന് ജയം നിഷേധിക്കുകയായിരുന്നു.
ഡേവിഡ് ഡി ഹിയയുടെ പാസ് ബ്രൂണോ ഫെർണാണ്ടസിലൂടെ കവാനിയുടെ ബൂട്ടിലേക്ക് എത്തുകയായിരുന്നു. ഗോൾ പോസ്റ്റിൽ നിന്ന് 40 വാര അകലെ ആയിരുന്നു യുറുഗ്വായ് താരമപ്പോൾ. എതിർടീം ഗോൾകീപ്പർ അരിയോള ഗോൾ ലൈനിന് പുറത്തേക്കിറങ്ങിയത് ശ്രദ്ധിച്ച കവാനി ലോങ് റേഞ്ചറിലൂടെ പന്ത് ഗോൾപോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു. കവാനിയുടെ ലീഗ് സീസണിലെ പത്താമത്തെ ഗോളായിരുന്നു ഇത്. ലഭിച്ച അവസരങ്ങൾ മുതലാക്കിയിരുന്നെങ്കിൽ യുനൈറ്റഡിന് മത്സരം ഈസിയായി ജയിച്ച് രണ്ടാം സ്ഥാനം അരക്കിട്ടുറപ്പിക്കാമായിരുന്നു.
37 മത്സരങ്ങളിൽ നിന്ന് 83 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. യുനൈറ്റഡ് (71 പോയന്റ്), ചെൽസി (67 പോയന്റ്), ലെസ്റ്റർ (66 പോയന്റ്)എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിൽ. ഒരു മത്സരം കുറച്ച് കളിച്ച ലിവർപൂൾ 63 പോയന്റുമായി അഞ്ചാം സ്ഥാനത്തുണ്ട്. ലീഗിൽ ആദ്യ നാല് സ്ഥാനത്ത് എത്തുന്നവർക്കാണ് ചാമ്പ്യൻസ് ലീഗ് ബെർത്ത് എന്നതിനാൽ തന്നെ അവസാനത്തെ മത്സരം ടീമുകൾക്ക് നിർണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.