ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയത്തോടെ ലിവർപൂൾ കുതിക്കുന്നു. ആൻഫീൽഡിൽ ലൂട്ടൺ ടൗണിനെ ഒന്നിനെതിരെ നാല് ഗോളിനാണ് തകർത്തത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിറകെ നിന്ന ലിവർപൂൾ രണ്ടാം പകുതിയിൽ നാല് ഗോളടിച്ച് ലൂട്ടണെ മുക്കുകയായിരുന്നു. ഇതോടെ 26 കളികളിൽ നിന്ന് 60 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ലിവർപൂൾ.
12ാം മിനിറ്റിൽ ഒഗ്ബനയിലൂടെ ലൂടൺ ടൗണാണ് ആദ്യ ലീഡെടുക്കുന്നത്. നിരവധി അവസരങ്ങൾ ഉണ്ടായിട്ടും ആൻഫീൽഡിൽ താളം കണ്ടെത്താൻ വിഷമിച്ച ലിവർപൂളിന് ആദ്യ പകുതി നിരാശയാണ് നൽകിയത്. രണ്ടാം പകുതിയിൽ 56ാം മിനിറ്റിൽ വിർജിൽ വാൻഡൈക്കാണ് ലൂട്ടണിന്റെ പ്രതിരോധം മറികടന്ന് ആദ്യ ഗോളടിക്കുന്നത്. മാകലിസ്റ്ററിന്റെ കോർണർ കിക്കിൽ ഹെഡറിലൂടെയാണ് വാൻഡൈക്ക് ഗോൾ നേടുന്നത്.
രണ്ട് മിനിറ്റിനകം കോഡി ഗ്യാക്പോയുടെ തകർപ്പൻ ഹെഡറിലൂടെ ലിവർപൂൾ ലീഡെടുത്തു. ബോക്സിനകത്ത് നിന്ന് മക്കാലിസ്റ്റർ നൽകിയ ക്രോസിലാണ് ഗ്യാക്പോ ഹെഡ് ചെയ്ത് വലയിലാക്കിയത്. 71 ാം മിനിറ്റിൽ ലൂയിസ് ഡയസിലൂടെ ലീഡ് ഇരട്ടിയാക്കി (3-1). 90ാം മിനിറ്റിൽ സ്ട്രൈക്കർ ഹാർവി ഏലിയറ്റ് കൂടെ ഗോൾ കണ്ടെത്തിയതോടെ ലൂടണിന്റെ പതനം പൂർണമായി.
തോൽവിയോടെ ലൂട്ടൺ പട്ടികയിൽ 18 ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാം സ്ഥാനത്തുള്ള ലിവർപൂളിന് തൊട്ടു പിന്നിലായി 56 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാമത്. 55 പോയിന്റുമായി ആഴ്സണൽ മൂന്നാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.