ചാംപ്യൻസ് ലീഗ്: ബയേണിനോടും തോറ്റ് യുണൈറ്റഡ്; ജയത്തോടെ തുടങ്ങി ആഴ്സണലും

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ കരുത്തരായ ബയേൺ മ്യുണിക്കിനും റയൽ മഡ്രിഡിനും ആഴ്സനലിനും ജയം. വാശിയേറിയ പോരാട്ടത്തിൽ ബയേൺ 4-3ന് മാഞ്ചസ്റ്റർ യുനൈറ്റഡിനെ തോൽപിച്ച് ഗ്രൂപ് എയിൽ തുടക്കം ഗംഭീരമാക്കി. യൂനിയൻ ബെർലിനെ 1-0നാണ് ഗ്രൂപ് റയൽ കീഴടക്കിയത്. ബി ഗ്രൂപ്പിൽ 4-0ന് പി.എസ്‍.വി ഐന്തോവനെ തകർത്താണ് ആഴ്സനൽ നിറഞ്ഞാടിയത്.

ബേണിങ് ബയേൺ

ബയേൺ താരങ്ങൾ ആദ്യപകുതിയിൽ മികച്ച ഫോമിലായിരുന്നു. ലിറോയ് സൈൻ 28ാം മിനിറ്റിലും സെർജ് നാബ്രി 32ാം മിനിറ്റിലും ബയേണിനായി ഗോൾ നേടി. 49ാം മിനിറ്റിൽ റാസ്മൂസ് ഹോയ്ലൻഡ് യുനൈറ്റഡിന് വേണ്ടി ഗോൾ നേടി. ടോട്ടൻ ഹാമിൽനിന്ന് ബുണ്ടസ്‍ലിഗയിലേക്ക് മാറിയ ഹാരി കെയ്ൻ 53-ാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ബയേണിന്റെ ലീഡ് 3-1 ആയി ഉയർത്തി. ബയേണിന് വേണ്ടി താരം നേടുന്ന അഞ്ചാം ഗോളായിരുന്നു ഇത്. യുനൈറ്റഡിന്റെ കാസമിറോ 88ാം മിനിറ്റിൽ നേടിയ ഗോൾ മത്സരം വീണ്ടും ആവേശകരമാക്കി (3-2). ഇഞ്ച്വറി സമയത്തിന്റെ രണ്ടാം മിനിറ്റിൽ മാതിസ് ടെല്ലിന്റെ തകർപ്പൻ ഗോൾ ബയേണിനെ 4-2ലെത്തിച്ചു. മൂന്ന് മിനിറ്റുകൾക്ക് ശേഷം കാസമിറോ തിരിച്ചടിച്ചെങ്കിലും ജയത്തിന് ആ ഗോൾ മതിയായിരുന്നില്ല. ഗോളി ആന്ദ്രെ ഒനാനയുടെ പിഴവുകളാണ് മാഞ്ചസ്റ്ററിന് കനത്ത തോൽവി സമ്മാനിച്ചത്. ഇതേ ഗ്രൂപ്പിൽ മറ്റൊരു മത്സരത്തിൽ ഗലറ്റസറെയും എഫ്.സി കോപ്പൻഹേഗനും 2-2ന് സമനിലയിൽ പിരിഞ്ഞു.

ഗണ്ണേഴ്സ് തിരുമ്പി വന്താച്ച്

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ആഴ്സനൽ വന്നിരിക്കുന്നു. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന മത്സരത്തിൽ പി.എസ്.വിയെ ഗോളിൽ മുക്കിയാണ് ആഴ്സനൽ തിരിച്ചുവരവ് ഗംഭീരമാക്കിയത്. 38ാം മിനിറ്റാകുമ്പോഴേക്കും ഗണ്ണേഴ്സ് മൂന്ന് ഗോളുകൾ വലയിലാക്കിയിരുന്നു. എട്ടാം മിനിറ്റിൽ ബുക്കായോ സാക്കയാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. ലിയാൻഡ്രോ ട്രൊസാഡ് 20ാം മിനിറ്റിൽ ലീഡുയർത്തി. 38ാം മിനിറ്റിൽ ഗബ്രിയേൽ ജീസസും 70ാം മിനിറ്റിൽ മാർട്ടിൻ ഒഡേഗാഡും ഗോൾ നേടി. ഇതേ ഗ്രൂപ്പിലെ‘വിയ്യയയും ലെൻസും സമനിലയിലായി, 1-1. ഇഞ്ച്വറി സമയത്ത് ജൂഡ് ബെല്ലിങ്ഹാമാണ് യൂനിയൻ ബെർലിനെതിരെ റയൽ മഡ്രിഡിന്റെ നിർണായക വിജയഗോൾ നേടിയത്. നാപോളി 2-1ന് ബ്രാഗയെയും തോൽപിച്ചു.

Tags:    
News Summary - Champions League: Bayern Munich vs Man United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.