ചാമ്പ്യൻസ് ലീഗ്: തകർപ്പൻ ജയത്തോടെ സിറ്റി പ്രീക്വാർട്ടറിൽ

ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി പ്രീക്വാർട്ടറിൽ. സ്വിസ് ക്ലബ് ബി.എസ്.സി യങ് ബോയ്സിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് സിറ്റി ജയം കുറിച്ചത്. സൂപ്പർ താരം എർലിങ് ഹാലൻഡ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ സമ്പൂർണ ആധിപത്യത്തോടെയായിരുന്നു സിറ്റിയുടെ ജയം. 23ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലൻഡാണ് ഗോൾവേട്ട തുടങ്ങിയത്. ഒന്നാം പകുതിയുടെ ഇഞ്ചുറി സമയത്ത് ഫിൽ ഫോഡനിലൂടെ ഇംഗ്ലീഷുകാർ ലീഡ് ഇരട്ടിപ്പിച്ചു. 51ാം മിനിറ്റിൽ രണ്ടാം ഗോളടിച്ച് ഹാലൻഡ് സിറ്റിയുടെ ജയമുറപ്പിച്ചു. 53ാം മിനിറ്റിൽ എതിർ താരം സാന്ദ്രൊ ലോപർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ യങ് ബോയ്സ് പൂർണമായും പ്രതിരോധത്തിൽ ഒതുങ്ങി. കളിയുടെ 72 ശതമാനവും വരുതിയിലാക്കിയ സിറ്റി ജയത്തോടെ അവസാന 16ൽ ഇടം പിടിക്കുകയും ചെയ്തു. 27 ഷോട്ടുകൾ എതിർവല ലക്ഷ്യമാക്കി സിറ്റി പായിച്ചപ്പോൾ ഒറ്റ ഷോട്ട് പോലും എതിരാളികൾക്ക് എടുക്കാനായില്ല.

ആറാം മിനിറ്റിൽ തന്നെ ഗോളടിക്കാൻ സിറ്റിക്ക് സുവർണാവസരം ലഭിച്ചിരുന്നു. ജാക്ക് ഗ്രീലിഷ് നൽകിയ മനോഹര പാസ് ലൂയിസ് വലയിലേക്ക് അടിച്ചുവിട്ടെങ്കിലും എതിർതാരം ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. 17ാം മിനിറ്റിൽ കെയ്ൽ വാകർ എടുത്ത ഫ്രീകിക്ക് എതിർ ഗോൾകീപ്പർ ഡൈവ് ചെയ്ത് തട്ടിയകറ്റിയപ്പോൾ പന്ത് എത്തിയത് ഫിൽ ഫോഡന്റെ കാലിലേക്കായിരുന്നു. എന്നാൽ, ഇത്തവണയും ഗോളി രക്ഷകനായി. എന്നാൽ, 23ാം മിനിറ്റിൽ സിറ്റി താരത്തെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ​ഹാലൻഡ് പിഴവില്ലാതെ വലയിലെത്തിച്ചു. ജാക്ക് ഗ്രീലിഷിന്റെ ലോങ് പാസ് സ്വീകരിച്ച് എതിർ പ്രതിരോധ താരത്തെയും ഗോൾകീപ്പറെയും കബളിപ്പിച്ചാണ് ഫിൽഫോഡൻ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതി തുടങ്ങി വൈകാതെ ഹാലൻഡ് തന്റെ രണ്ടാം ഗോളും കണ്ടെത്തി. ലൂയിസ് നൽകിയ പാസ് ബോക്സിന് തൊട്ടു​പുറത്തുനിന്ന് ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ 34 മത്സരങ്ങളിൽ ഹാലൻഡിന്റെ ഗോൾ സമ്പാദ്യം 39 ആയി. സിറ്റിയിൽ എത്തിയ ശേഷം 70 കളിയിൽ 67ാം ഗോളാണിത്.

മറ്റു മത്സരങ്ങളിൽ അത്‍ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ആറ് ഗോളിന് സ്കോട്ടിഷ് ക്ലബ് സെൽറ്റികിനെ തരിപ്പണമാക്കിയപ്പോൾ ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പി.എസ്.ജിയെ ഇറ്റാലിയൻ ക്ലബ് എ.സി മിലാൻ 2-1നും ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോട്ട്മുണ്ട് എതിരില്ലാത്ത രണ്ട് ഗോളിന് ഇംഗ്ലീഷ് ക്ലബ് ന്യൂകാസിൽ യുനൈറ്റഡിനെയും തോൽപിച്ചു.

Tags:    
News Summary - Champions League: City in the pre-quarters with a stunning win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.