മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് പ​രി​ശീ​ല​ന​ത്തി​ൽ

റയൽ x സിറ്റി, ആഴ്സനൽ x ബയേൺ; ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന് ഇന്ന് തുടക്കം

മഡ്രിഡ്/ലണ്ടൻ: യൂറോപ്യൻ വൻകരയുടെ ചാമ്പ്യനെ തീരുമാനിക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിലെ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾക്ക് ചൊവ്വാഴ്ച തുടക്കമാവുന്നു. മുൻ ചാമ്പ്യന്മാരായ റയൽ മഡ്രിഡ് നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ ഇന്ന് സാൻഡിയാഗോ ബെർണബ്യൂവിൽ നടക്കുന്ന ഒന്നാംപാദ മത്സരത്തിൽ നേരിടും. ഇംഗ്ലീഷ് ക്ലബ് ആഴ്സനൽ സ്വന്തം തട്ടകമായ എമിറേറ്റ്സിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെയും നേരിടും.

സ്പാനിഷ് ലാ ലിഗയിൽ കിരീടത്തിലേക്കുള്ള കുതിപ്പിലാണ് റയൽ. ക്ലബിനെ പരിശീലിപ്പിക്കുന്ന കാർലോ ആഞ്ചലോട്ടി ഒരു നാഴികക്കല്ലിനരികിലാണ്. പരിശീലകനെന്ന നിലയിൽ അദ്ദേഹത്തിന്റെ 200ാമത് ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഇന്നത്തെത്. ചാമ്പ്യൻസ് ലീഗിൽ നാല് കീരിടങ്ങളും 114 വിജയകളും ആഞ്ചലോട്ടിയുടെ പേരിലുണ്ട്. ഇതും റെക്കോഡാണ്. മറുഭാഗത്ത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിനൊപ്പം ചരിത്രത്തിലാദ്യമായി ലഭിച്ച ചാമ്പ്യൻസ് ലീഗ് ട്രോഫിയും നിലനിർത്താനുള്ള ശ്രമത്തിലാണ് സിറ്റി. ഒന്നാം സ്ഥാനക്കാരെക്കാൾ ഒരു പോയന്റ് മാത്രം കുറവിൽ പ്രീമിയർ ലീഗ് പട്ടികയിൽ മൂന്നാമതാണ് പെപ് ഗ്വാർഡിയോള സംഘം.

2021-22 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ സിറ്റിയെ തോൽപിച്ച് ഫൈനലിൽ കടന്ന റയൽ, കിരീടത്തിൽ മുത്തമിട്ടു. കഴിഞ്ഞവർഷവും സെമിയിൽ ഇരുടീമും മുഖാമുഖം വന്നു. ജയവും കപ്പും സിറ്റിക്കൊപ്പം പോന്നു. പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ആഴ്സനൽ. ബയേണാവട്ടെ ജർമനിയിൽ ഇക്കുറി കിരീടം കൈവിട്ട സ്ഥിതിയിലാണ്. ക്വാർട്ടർ രണ്ടാം പാദം ഏപ്രിൽ 17ന് സിറ്റി തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിലും മ്യൂണിക്കിലെ അലയൻസ് അറീനയിലും നടക്കും.

Tags:    
News Summary - Champions League Football quarter starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.