ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ അടിച്ചുവീഴ്ത്തിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ഓർഡ് ട്രോഫോഡിൽ കയറി പണികൊടുത്ത് പി.എസ്.ജി. ഇരട്ടഗോളുകളുമായി മുന്നിൽനിന്ന് നയിച്ച നെയ്മറാണ് ചെങ്കുപ്പായക്കാരുടെ കണ്ണീർ വീഴ്ത്തിയത്.
മത്സരത്തിൻെറ ആറാംമിനുറ്റിൽ തന്നെ നെയ്മറുടെ ഗോളിൽ മുന്നിലെത്തിയ പി.എസ്.ജിയെ 32ാം മിനുറ്റിൽ മാർകസ് റാഷ്ഫോർഡിലൂടെ യുനൈറ്റഡ് സമനിലയിൽ പിടിച്ചു. എന്നാൽ അറുപത്തിയെട്ടാം മിനുറ്റിൽ പെനൽറ്റിബോക്സിൽ നിന്നും കാലിലെത്തിയ പന്ത് ഗോളിലേക്ക് തിരിച്ചുവിട്ട് മാർക്വിനോട് പി.എസ്.ജിയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ രണ്ടാം മഞ്ഞക്കാർഡും ചുവപ്പുകാർഡുമായി ഫ്രെഡ് പുറത്തായത് യുനൈറ്റഡിന് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ അനായായാസം മറ്റൊരു ഗോൾ കൂടി നേടി നെയ്മർ പി.എസ്.ജിയുടെ ജയം ആധികാരികമാക്കി.
തോൽവിയോടെ മാഞ്ചസ്റ്റിന് പ്രീക്വാർട്ടർ ഉറപ്പിക്കാൻ അവസാന മത്സരംവരെ കാത്തിരിക്കണം. ഗ്രൂപ്പ് എച്ചിൽ മാഞ്ചസ്റ്റിനും പി.എസ്.ജിക്കും ആർ.ബി.എലിനും ഒൻപത് പോയൻറാണുള്ളത്.
മറ്റുമത്സരങ്ങളിൽ സെവില്ലയെ എതിരില്ലാത്ത നാലുഗോളുകൾക്ക് ചെൽസി തകർത്തുവിട്ടു. തകർപ്പൻ ഫോമിൽ പന്തുതട്ടിയ ഒളിവർ ജെറൂദിൻെറ നാലുഗോൾ മികവിൽ ഗ്രൂപ്പ് ഇ യിൽ ചാമ്പ്യൻമാരായാണ് ചെൽസി പ്രീക്വാർട്ടർ ഉറപ്പിച്ചത്.
ഗ്രൂപ്പ് ജിയിൽ ബാഴ്സലോണക്ക് എല്ലാം അനായാസകരമായിരുന്നു. ഹംഗേറിയൻ ക്ലബായ ഫെറൻവാറോസിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ബാഴ്സ തകർത്തുവിട്ടു.നേരത്തേ നോക്കൗട്ടുറപ്പിച്ച ബാഴ്സ സൂപ്പർതാരങ്ങളായ മെസ്സി, കുടിന്യോ, ടെർസ്റ്റീഗൻ എന്നിവരില്ലാതെയാണ് കളത്തിലിറങ്ങിയത്.
അജാക്സിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തി ഗ്രൂപ്പ് ഡിയിൽ നിന്നും ലിവർപൂൾ നോക്കൗട്ടിലേക്ക് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.