ചെൽസിയോട് തോറ്റ് ടോട്ടൻഹാം; ചാമ്പ്യൻസ് ലീഗ് പ്രതീക്ഷക്ക് കനത്ത തിരിച്ചടി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിനെ എതിരില്ലാത്ത രണ്ട് ഗോളിന് ​വീഴ്ത്തി ചെൽസി. സ്വന്തം തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന പോരാട്ടത്തിൽ ട്രെവോ ചലോബയും നികൊളാസ് ജാക്സനുമാണ് നീലപ്പടക്കായി ഗോളുകൾ നേടിയത്. തോൽവി ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷക്ക് കനത്ത തിരിച്ചടിയായി.

തുടക്കം മുതൽ പന്തടക്കത്തിൽ ടോട്ടൻഹാം മുന്നിട്ടുനിന്നെങ്കിലും ഗോളവസരമൊരുക്കുന്നതിൽ ഇരുനിരയും ഒപ്പത്തി​നൊപ്പമായിരുന്നു. തുടക്കത്തിൽ തന്നെ ലീഡ് പിടിക്കാൻ ചെൽസിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും പാൽമറുടെയും ജാക്സന്റെയും ശ്രമങ്ങൾ ഫലംകണ്ടില്ല. 24ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കൊണോർ ഗെല്ലഹർ എടുത്ത ഫ്രീകിക്ക് ട്രെവോ ചലോബ പവർഫുൾ ഹെഡറി​ലൂടെ വലയിലെത്തിക്കുകയായിരുന്നു. ഒന്നാം പകുതിയിൽ കാര്യമായി അവസരമൊരുക്കാനാവാതിരുന്ന ടോട്ടൻഹാം താരങ്ങളിൽ മികച്ച അവസരം ലഭിച്ചത് ക്രിസ്റ്റ്യൻ ​റൊമേറോക്കായിരുന്നു. എന്നാൽ, ആറുവാര അകലെനിന്നുള്ള ഹെഡർ പുറത്തേക്ക് പറന്നു.

71ാം മിനിറ്റിൽ ചെൽസി ലീഡ് ഇരട്ടിപ്പിച്ചു. കോൾ പാൽമർ എടുത്ത ഫ്രീകിക്ക് ക്രോസ്ബാറിൽ തട്ടിത്തെറിച്ചപ്പോൾ പന്ത് ലഭിച്ച നികൊളാസ് ജാക്സൻ ഹെഡറിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. തിരിച്ചടിക്കാനുള്ള ടോട്ടൻഹാമിന്റെ ശ്രമങ്ങൾ വിജയം കാണാതിരുന്നതോടെ നിർണായക ജയവുമായി ചെൽസി എട്ടാം സ്ഥാനത്തേക്ക് കയറി. ന്യൂകാസിലുമായി രണ്ട് പോയന്റിന്റെ അകലം മാത്രമുള്ള അവർ യൂറോപ്പ ലീഗ് പ്രതീക്ഷ വർണാഭമാക്കുകയും ചെയ്തു.

അതേസമയം, ചാമ്പ്യൻസ് ലീഗ് സ്​പോട്ടിനായി ആസ്​റ്റൻ വില്ലയുമായി മത്സരിക്കുന്ന ടോട്ടൻഹാമിന് കനത്ത തിരിച്ചടിയായി തോൽവി. നാലാം സ്ഥാനത്തുള്ള ആസ്റ്റൻ വില്ലക്ക് 67ഉം ഒരു മത്സരം കുറച്ചു കളിച്ച ടോട്ടൻഹാമിന് 60ഉം പോയന്റാണുള്ളത്. ചെൽസിയുമായി ജയിക്കുകയും അടുത്ത മത്സരത്തിൽ ജയം തുടരുകയും ചെയ്തിരുന്നെങ്കിൽ ഒരു പോയന്റിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടാവുക. 35 മത്സരങ്ങളിൽ 80 പോയന്റുള്ള ആഴ്സണലാണ് പോയന്റ് പട്ടികയിൽ ഒന്നാമത്. ഒരു മത്സരം കുറച്ചു കളിച്ച മാഞ്ചസ്റ്റർ സിറ്റിക്ക് 79 പോയന്റുണ്ട്. മൂന്നാമതുള്ള ലിവർപൂളിന് 75 പോയന്റാണുള്ളത്. 

Tags:    
News Summary - Chelsea beat Tottenham; Heavy blow to Champions League hopes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.