ലണ്ടൻ: മികച്ച ഇംഗ്ലീഷ് പുരുഷ താരമായി കോൾ പാമർ. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഹാം, ബുകായോ സാക എന്നിവരെ മറികടന്നാണ് പാമർ 2023-24 വർഷത്തെ മികച്ച ഇംഗ്ലണ്ട് ഫുട്ബാൾ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കായി ഈ സീസണിലും മികച്ച ഫോമിലാണ് താരം. കഴിഞ്ഞ നവംബറിലാണ് പാമർ ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിക്കുന്നത്. ദേശീയ ടീമിനായി ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ചു. യൂറോ കപ്പിൽ അഞ്ചു മത്സരങ്ങൾ കളിച്ച താരം ഫൈനലിൽ സ്പെയിനെതിരെ വലകുലുക്കിയെങ്കിലും 2-1ന് ടീം പരാജയപ്പെട്ടു. പ്രഫഷനൽ ഫുട്ബാൾ അസോസിയേഷന്‍റെ യുവതാരത്തിനുള്ള 2023-24 വർഷത്തെ പുരസ്കാരവും പാമറിനായിരുന്നു. കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നാണ് പാമർ ചെൽയിലെത്തുന്നത്. കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ 22 ഗോളുകൾ നേടി.
നിലവിൽ ഇംഗ്ലണ്ട് ടീമിനൊപ്പം നേഷൻസ് ലീഗിനുള്ള തയാറെടുപ്പിലാണ്. വ്യാഴാഴ്ച ഗ്രീസിനെതിരെയും ഞായറാഴ്ച ഫിൻലൻഡിനെതിരെയുമാണ് ഇംഗ്ലണ്ടിന് മത്സരം. 2010ൽ ആഷ്ലി കോളിനുശേഷം മികച്ച ഇംഗ്ലീഷ് താരമായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ചെൽസി താരമാണ് പാമർ. കഴിഞ്ഞ രണ്ടു തവണയും ആഴ്സണൽ താരം ബുകായോ സാകയാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പുതിയ സീസണിലും ഗോളുകൾ അടിച്ചുകൂട്ടി മിന്നുംഫോമിലാണ് താരം. ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ആദ്യ പകുതിയിൽ നാലു ഗോളുകൾ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് പാമർ സീസണിൽ സ്വന്തമാക്കിയിരുന്നു. ബ്രൈറ്റനെതിരെ ചെൽസി 4-2നു ജയിച്ച മത്സരത്തിലെ നാലു ഗോളുകളും പാമറാണ് നേടിയത്.
സീസണിൽ ചെൽസിക്കായി ഏഴു മത്സരങ്ങളിൽ ഇതുവരെ ആറു ഗോളുകളാണ് താരം നേടിയത്. ചെൽസിക്കായി പ്രീമിയർ ലീഗിൽ മൂന്ന് ഹാട്രിക് നേടുന്ന നാലാമത്തെ മാത്രം താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.