ലണ്ടൻ: ഖത്തർ ലോകകപ്പ് ടീമുകളെ കണ്ടെത്താൻ ദേശീയ ടീമുകൾ പോരിനിറങ്ങിയ അവസാന ഇടവേളയും അവസാനിച്ചതോടെ പ്രീമിയർ ലീഗിൽ ഇനി ശരിക്കും കിരീടപ്പോര്. തുടർച്ചയായ ആറാഴ്ച നീളുന്ന പോരാട്ടങ്ങളിൽ ചാമ്പ്യൻപട്ടവുമായി മടങ്ങാൻ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിലാണ് കടുത്ത മത്സരം.
ഒമ്പതു കളികൾ ബാക്കിനിൽക്കെ ഇരു ടീമുകളും തമ്മിൽ ഒരു പോയന്റ് മാത്രമാണ് അകലം. ഒന്നാമതുള്ളത് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. എന്നാൽ, ജനുവരി മധ്യത്തിൽ 14 പോയന്റ് വരെ ലീഡുണ്ടായിരുന്നവരാണ് ഇപ്പോൾ ഒറ്റ പോയന്റ് മാർജിനിൽ കിരീടം കാത്തിരിക്കുന്നതെന്ന വ്യത്യാസമുണ്ട്.
പ്രീമിയർ ലീഗിൽ തുടർച്ചയായ ഒമ്പതു ജയവുമായി കുതിപ്പ് തുടരുന്ന ചെമ്പട ഇതിനകം ലീഗ് കപ്പിൽ മുത്തമിട്ടു കഴിഞ്ഞിട്ടുണ്ട്. എഫ്.എ കപ്പിലും ചാമ്പ്യൻസ് ലീഗിലും ടീം അതേ പാതയിലാണ്. ഇനി പ്രീമിയർ ലീഗ് ചാമ്പ്യൻഷിപ് കൂടി സ്വന്തമാക്കിയേ മടങ്ങൂ എന്നാണ് ക്ലോപ്പിന്റെ കുട്ടികളുടെ നിശ്ചയം.
മറുവശത്ത്, ലീഗിൽ അവസാന നാലിൽ മൂന്നും സ്വന്തമാക്കിയ അപൂർവ നേട്ടവുമായാണ് സിറ്റി വീണ്ടും കിരീടത്തിനരികെ നിൽക്കുന്നത്.
അവസാന 10ൽ അഞ്ചും മാഞ്ചസ്റ്റർ സിറ്റിക്കു സ്വന്തം. ഏതു പ്രതിസന്ധിയിലും ശക്തമായി തിരിച്ചെത്താൻ ശേഷിയുള്ള സിറ്റിക്ക് ഇനിയുള്ള മത്സരങ്ങളിൽ ലിവർപൂൾ മാത്രമാണ് വലിയ എതിരാളികൾ. വെസ്റ്റ്ഹാമിനെയും ഭയക്കണം. എന്നാൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, ടോട്ടൻഹാം തുടങ്ങിയവരെ കടന്നുവേണം ലിവർപൂളിന് മുഴുവൻ പോയന്റുകളും സ്വന്തമാക്കാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.