ലണ്ടൻ: ആൻഫീൽഡ് മൈതാനത്ത് എതിരാളികളില്ലാതെ ലിവർപൂൾ വാഴ്ച. നാട്ടങ്കത്തിൽ എവർടണെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ജയം. രണ്ടുവട്ടം വല കുലുക്കി മുഹമ്മദ് സലാഹ് ഒരിക്കലൂടെ ടീമിൽ സാന്നിധ്യം അവിസ്മരണീയമാക്കിയ മത്സരത്തിൽ ആദ്യാവസാനം ചെമ്പട കളം ഭരിച്ചു.
ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം 75ാം മിനിറ്റിൽ പെനാൽറ്റി വലയിലെത്തിച്ചാണ് സലാഹ് തുടങ്ങിയത്. പിറകെ നൂനസിന്റെ അസിസ്റ്റിൽ കളിയവസാനിക്കാനിരിക്കെ ഒരിക്കലൂടെ വല കുലുക്കി. കരിയറിൽ താരത്തിന്റെ ലീഗ് ഗോളുകൾ ഇതോടെ 201 ആയി. എർലിങ് ഹാലൻഡ് വീണ്ടും സ്കോറിങ് വഴിയിൽ തിരിച്ചെത്തിയ മറ്റൊരു മത്സരത്തിൽ ബ്രൈറ്റണെതിരെ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ഒന്നാംസ്ഥാനം അരക്കിട്ടുറപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ജയം. അൽവാരസ് സിറ്റിയെ മുന്നിലെത്തിച്ച കളിയിൽ അൻസു ഫാറ്റി ബ്രൈറ്റനായി വല കുലുക്കി.
ന്യൂകാസിൽ ദുർബലരായ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത നാല് ഗോളിന് മുക്കിയപ്പോൾ ബേൺലിക്കെതിരെ ബ്രെന്റ്ഫോർഡ് ജയം ഏകപക്ഷീയമായ കാൽഡസൻ ഗോളിനായിരുന്നു. വുൾവ്സ് 2-1ന് ബോൺമൗത്തിനെ തോൽപിച്ചപ്പോൾ നോട്ടിങ്ഹാം ഫോറസ്റ്റ്- ലൂട്ടൺ മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.